പാകിസ്ഥാന് പുതിയ നായകന്‍; ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

പാക് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌റിക് ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്. പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലേക്ക് എത്തുന്നത്.

ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ ഒത്തുതീര്‍ക്കാനും തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹി ഇക്കാര്യത്തില്‍ ഒരു ചുവട് മുന്നോട്ടുവച്ചാല്‍ തങ്ങള്‍ രണ്ട് ചുവട് മുന്നോട്ട് വയ്ക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. കാഷ്മീരികള്‍ നാളുകളായി ക്ലേശം സഹിക്കുന്നു. കാശ്മീര്‍ പ്രശ്‌നം മേശയ്ക്ക് ഇരുപുറവുമിരുന്ന് പരിഹരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ നേതൃത്വം തയ്യാറാണെങ്കില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ഉപഭൂഖണ്ഡത്തിനും ഇത് ഗുണം ചെയ്യും.

ഇന്ത്യന്‍ മാധ്യമങ്ങള്‍ അടുത്തിടെ തന്നെ വില്ലനായി ചിത്രീകരിച്ചു. ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹം. ഉപഭൂഖണ്ഡത്തിലെ ദാരിദ്ര്യം മാറാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധവും സഹകരണവും വര്‍ധിക്കേണ്ടതുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു.

ഇത് 22 വര്‍ഷത്തെ പോരാട്ടത്തിനുള്ള വിജയമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് നന്ദി പറഞ്ഞു. പാകിസ്ഥാനില്‍ പുതുയുഗപ്പിറവിയാണ് സംഭവിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ജിന്നയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും. പാവങ്ങളെ കേന്ദ്രീകരിച്ച് നയങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. തന്റെ പാര്‍ട്ടി അധികാരത്തിലേറുന്നതോടെ പാകിസ്ഥാനില്‍ ജനാധിപത്യം ശക്തിപ്പെടുമെന്നും ഇമ്രാന്‍ അവകാശപ്പെട്ടു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് അഴിമതി ക്യാന്‍സര്‍ പോലെ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഇതില്‍ വലിയ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

237 ല്‍ 118 സീറ്റുകളിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ സൈന്യത്തെ ഉപയോഗിച്ച് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി കൃത്രിമം നടത്തിയെന്ന് മറ്റ് പാര്‍ട്ടികള്‍ ആരോപിച്ചു. ഇതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top