ശബരിമലയിലെ സ്ത്രീപ്രവേശനം; എതിര്‍പ്പ് അറിയിച്ച് പന്തളം രാജകുടുംബം സുപ്രീം കോടതിയില്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്ക് പിന്നില്‍ ക്ഷേത്രത്തിന്റെ യശസ്സ് തകര്‍ക്കാനുള്ള നീക്കമാണെന്ന് പന്തളം രാജകുടുംബം. പബ്ലിസിറ്റിക്കു വേണ്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാര്‍ അയ്യപ്പ ഭക്തരോ വിശ്വാസികളോ അല്ലെന്ന് പന്തളം രാജകുടുംബം സുപ്രീം കോടതിയില്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയുടെ കാലം മുതല്‍ ഉള്ളതാണെന്ന് രാജകുടുംബത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ വാദിച്ചു. തലമുറകളായി തുടരുന്ന മതപരമായ ആചാരത്തില്‍ കോടതി ഇടപെടരുത്. ഹര്‍ജിക്കാര്‍ ഹിന്ദു വിശ്വാസത്തെയാണ് ഉന്നം വയ്ക്കുന്നത്. നാളെ അവര്‍ ഗണപതി ശിവന്റെയും പാര്‍വതിയുടെയും മകനല്ലെന്ന് പറയും – രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 41 ദിവസത്തെ വ്രതം വേണമെന്നാണ് പ്രതിഷ്ഠയുടെ ഇച്ഛ. സ്ത്രീകള്‍ക്ക് ഇത്രയും ദിവസം വ്രതം അനുഷ്ഠിക്കാന്‍ സാധിക്കില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ കോടതി തയാറാവണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അത്തരം രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ഭാഷയില്‍ മാത്രമാണ് കോടതിക്കു സംസാരിക്കാനാവുകയെന്നും മറ്റൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here