ജലനിരപ്പ് 2400 അടി എത്തും മുന്‍പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം.എം മണി

ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിന് മുന്‍പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം.എം മണി. അണക്കെട്ട് രാത്രിയില്‍ തുറക്കില്ല. വൈദ്യുതി ഉത്പാദനത്തിനായി വെള്ളം പിടിച്ചുവെക്കില്ല. ഇനിയും മഴ പെയ്യാനും ജലനിരപ്പ് കൂടാനും സാധ്യതയുണ്ടെന്നും ഇടുക്കിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തിയായി പെയ്യുന്നു. വെള്ളം ഒഴുകി പോകുന്നതിനായുള്ള ചാലുകളുടെ തടസം നീക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ചാലുകളുടെ സര്‍വേ എടുത്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2400 ലേക്ക് അടുത്താല്‍ ഉടന്‍ തന്നെ ഡാം തുറക്കും. ഏകദേശം ആറ് ദിവസത്തിനുള്ളില്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. നിലവില്‍ 2393 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് 2400 അടിയിലെത്തുന്നതിന് മുന്‍പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും പരിഭ്രാന്തരാകരുതെന്നും അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. സുരക്ഷാ മുന്‍കരുതല്‍ റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഏകോപിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top