ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്: പിണറായി വിജയന്‍

Pinarayi Vijayan cm kerala

ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും പരാതികളെ സംബന്ധിച്ച് കൃത്യമായ മറുപടി അപേക്ഷകന് നല്‍കണമെന്നുമുള്ള മുന്‍ നിര്‍ദേശങ്ങള്‍ പല ഉദ്യോഗസ്ഥരും ഇപ്പോഴും കൃത്യമായി പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതില്‍ ആലുവ സപ്ലൈ ഓഫീസിന് മുന്നില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ച വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാവശ്യത്തിന് എത്തുന്ന വ്യക്തിയെ കുറേ ദിവസം ഓഫീസുകള്‍ കയറ്റിഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നൽകണം. ഭരണത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ഈ നയം സർക്കാർ ജീവനക്കാർക്കു മുന്നിൽ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

എന്നാൽ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം ആലുവയിൽ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങൾ ഉയർന്നു വരുന്നത് അതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസിൽ തീർപ്പാക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകൾ കയറി ഇറക്കാതെ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയണം. ഭരണവും ഭരണ നിർവ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓർമ്മിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top