ഏറ്റുമാനൂര്‍ നഗരസഭയുടെ ചെയര്‍മാനായി ജോയ് ഊന്നുകല്ലേല്‍ തിരഞ്ഞെടുക്കപ്പെട്ടു

ഏറ്റുമാനൂര്‍ നഗരസഭയുടെ മൂന്നാമത് ചെയര്‍മാനായി രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ വാര്‍ഡ്) നിന്നുള്ള ജോയ് ഊന്നുകല്ലേല്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസുമായുള്ള മുന്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് അടുത്ത ആറ് മാസത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ജോയ് ചെയര്‍മാന്‍ പദവിയിലെത്തുന്നത്.

തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നിന്ന സ്വതന്ത്രനായ ജോയിയ്ക്ക് പതിനേഴ് വോട്ട് ലഭിച്ചു. 35 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ് വിനോദിന് പതിനൊന്നും ബിജെപി സ്ഥാനാര്‍ത്ഥി അനീഷ് വി നാഥിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു. മൂന്നാം വാര്‍ഡില്‍ നിന്നും സ്വതന്ത്ര്യയായി ജയിച്ച ബീനാ ഷാജി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സിപിഐ പ്രതിനിധിയായ മോളി ജോണും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

ഒരു മുന്നണിയ്ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പുതിയ നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലെത്തിയത് ജോയ് ഊന്നുകല്ലേലും മുന്‍ ചെയര്‍മാന്‍ ജോയി മന്നാമലയും ഉള്‍പ്പെടെ സ്വതന്ത്രരായി ജയിച്ച നാല് കൗണ്‍സിലര്‍മാരുടെ പിന്‍ബലത്തോടെ. കോണ്‍ഗ്രസിലെ ജയിംസ് തോമസ് ആയിരുന്നു നഗരസഭയുടെ പ്രഥമചെയര്‍മാന്‍. ഇതിനിടെ കെ.എം.മാണി യുഡിഎഫില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും ഏറ്റുമാനൂര്‍ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് കൂടെ നിന്നത് ഭരണം പോകാതിരിക്കാന്‍ കോണ്‍ഗ്രസിന് തുണയായി.

കോണ്‍ഗ്രസിന് ഒമ്പതും കേരളാ കോണ്‍ഗ്രസിന് അഞ്ചും പ്രതിനിധികളാണുള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ 18 പേരുടെ പിന്തുണയോടെയാണ് ജയിംസ് തോമസ് അധികാരത്തിലേറിയത്. മുന്‍ ധാരണയനുസരിച്ച് സ്വതന്ത്രന്‍മാര്‍ക്കും കേരളാ കോണ്‍ഗ്രസിനും ചെയര്‍മാന്‍ പദവി നല്‍കണമെന്ന നിലപാട് കനത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ജയിംസ് രാജിവെക്കുകയായിരുന്നു. പിന്നാലെ അധികാരത്തിലേറിയ ചാക്കോ ജോസഫ് (ജോയി മന്നാമല) ആറ് മാസം കഴിഞ്ഞപ്പോള്‍ രാജി വെച്ചു. തുടര്‍ന്നാണ് ജോയ് ഊന്നുകല്ലേലിന് അവസരം ലഭിച്ചത്. സിപിഎം – 11, സിപിഐ – 1, ബിജെപി – 5 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top