പെരുമ്പാവൂര്‍ കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു
പെരുമ്പാവൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനി നിമിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. അന്യസംസ്ഥാന തൊഴിലാളി ബിജുവാണ് കുറ്റസമ്മതം നടത്തിയത്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ബിജുവിനൊപ്പം താമസിക്കുന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്യും.
അമ്മൂമയുടെ മാല പൊട്ടിക്കാനുള്ള ശ്രമം പെണ്‍കുട്ടി തടഞ്ഞതുകൊണ്ടാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടി പച്ചക്കറിയരിഞ്ഞിരുന്ന കത്തി പിടിച്ചു വാങ്ങിയാണ് കുത്തിയതെന്ന് ബിജു പറഞ്ഞു. മദ്യലഹരിയിലാണ് കുറ്റം നടത്തിയതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.
കോളേജ് വിദ്യാര്‍ത്ഥിനിയായ നിമിഷയെ കഴുത്തിന് കുത്തികൊലപ്പെടുത്തുകയായിരുന്നു. വാഴക്കുളം എം.ഇ.എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് നിമിഷ.
പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജുവാണ് കൊലപാതകം നടത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം നിമിഷ ഇന്ന് ക്ലാസില്‍ പോയിരുന്നില്ല. നിമിഷയും പിതൃമാതാവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മൂമയുടെ മാല പൊട്ടിക്കാന്‍ ബിജു ശ്രമിക്കുന്നതിനിടയില്‍ നിമിഷ തടഞ്ഞു. ഇതിനിടയിലാണ് നിമിഷയുടെ കഴുത്തില്‍ പ്രതി കുത്തിയത്.
ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ള നിമിഷയുടെ പിതൃസഹോദരന്‍ ഓടിയെത്തി. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ നിമിഷയുടെ പിതൃസഹോദരനും കുത്തേറ്റു.
ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് നിമിഷ മരിച്ചത്. മൃതദേഹം പെരുമ്പാവൂര്‍ ഗവര്‍മെന്റ് ആശുപത്രിയിലാണ് ഇപ്പോള്‍. ഫൊറന്‍സിക് വിദഗ്ദരും പോലീസ് ഉദ്യോഗസ്ഥരും നിമിഷയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. പ്രതി ബിജുവിനെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രതി ലഹരിമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here