ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; ചെറുതോണിയില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. നേരത്തേ ഉയര്‍ത്തിയ മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ ഒഴുക്കികളയുന്നത്. ഇടുക്കിയിലെ ജലനിരപ്പ് നിലവില്‍ 2401.46 അടിയായി ഉയര്‍ന്നു. ഇടുക്കിയില്‍ മഴ ശക്തിയായി പെയ്യുന്നു. ഈ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.

ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇന്നലെ ഉച്ചക്ക് 12.30 നാണ് 26 വര്‍ഷത്തെ ഇടവേളക്ക് ശേഷം ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നത്. നാല് മണിക്കൂര്‍ നേരത്തെ ട്രയല്‍ റണ്ണിന് ശേഷം ഡാം ഷട്ടര്‍ അടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അത് സാധ്യമായില്ല. രാത്രി മുഴുവന്‍ ഒരു ഷട്ടര്‍ തുറന്നു തന്നെ കിടന്നു. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമായിരുന്നു രാത്രിയില്‍ ഒഴുക്കിവിട്ടിരുന്നത്.

എന്നാല്‍, മഴ തുടര്‍ന്നതോടെ ജലനിരപ്പ് വര്‍ധിച്ചു. ഇന്ന് രാവിലെ ചെറുതോണി മറ്റ് രണ്ട് ഷട്ടര്‍ കൂടി തുറന്നു. 40 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 1,25,000 ലിറ്റര്‍ മുതല്‍ 1,50,000 ലിറ്റര്‍ വരെ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇങ്ങനെ ഒഴുക്കി കളഞ്ഞിട്ടും ജലനിരപ്പ് കുറഞ്ഞില്ല. മാത്രമല്ല, നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തീരുമാനമായത്.

ഇപ്പോള്‍, മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുകുന്നത്. ചെറുതോണി പരിസരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം. പെരിയാറിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവിലും ഗണ്യമായ വര്‍ധന ഉണ്ടാകും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top