ദുരന്തമേഖലയില്‍ ഇടപെടുന്ന ജനങ്ങളുടെ പങ്കാളിത്തം മാതൃകാപരം: മന്ത്രി ടി പി രാമകൃഷ്ണന്‍

tp ramakrishnan visits disaster relief camp in puthupadi

ദുരന്തമേഖലയില്‍ വിവിധ സഹായങ്ങളുമായി ഇടപെടുന്ന ജനങ്ങളുടെ വലിയ പങ്കാളിത്തം മാതൃകാപരമാണെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ മണല്‍വയല്‍ എകെടിഎം എല്‍പി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീട്ടിലുണ്ടായ അപകടമെന്നോണം എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളും ഒറ്റക്കെട്ടായി സഹായങ്ങളുമായി രംഗത്തുണ്ട്.

ദുരന്തത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇരയാകുന്നവര്‍ക്ക് പരമാവധി ആശ്വാസം എത്തിക്കുന്നുണ്ട്. ദുരന്തബാധിതര്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ പെട്ടന്ന് തന്നെ എത്തിക്കാനുള്ള സൗകര്യമൊരുക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്യാമ്പില്‍ കഴിയുന്നവര്‍ നിലവിലെ സൗകര്യങ്ങളില്‍ സംതൃപ്തരാണ്. ഭക്ഷണം, ചികിത്സ, ഉറങ്ങാനുള്ള സൗകര്യങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും നല്ല രീതിയിലാണ് നടക്കുന്നത്.

അറ്റകുറ്റ പണി നടത്തി വീടുകളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശുചീകരണ പ്രവൃത്തിയടക്കം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഇത്തരം കാര്യങ്ങളില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മന്ത്രി ടി പി രാമകൃഷ്ണന്‍ പുതുപ്പാടിയിലെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കണ്ണപ്പന്‍കുണ്ട് പാലത്തിന് സമീപത്ത് വീടുകള്‍ തകര്‍ന്ന ഭാഗങ്ങളും മറ്റൊരു ദുരിതാശ്വാസ ക്യാമ്പായ മൈലള്ളാംപാറ സെന്റ് ജോസഫ് യുപി സ്‌കൂളും മന്ത്രി സന്ദര്‍ശിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍, ഗിരീഷ്‌ജോണ്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പകല്‍ 11 മണിയൊടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

Top