അലി വാസിർ; പാകിസ്ഥാനിൽ ചെങ്കൊടി പാറിച്ച നേതാവ്

അലി വാസിർ…ലോക നേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും ഇന്ന് ലോകത്തിന്റെ പല കോണുകളിൽ നിന്നും മുഴങ്ങി കേൾക്കുന്ന പേരാണ് ഇത്. ലോകം ഭീകരരാഷ്ട്രമെന്ന് മുദ്രകുത്തിയ, നിരവധി ഭീകരസംഘടനകളുടെ പ്രവൃത്തി കേന്ദ്രമായ പാക് മണ്ണിൽ നിന്നും താലിബാൻ പോലുള്ള ഭീകര സംഘടനയ്‌ക്കെതിരെ പൊരുതിയ മാർക്‌സിസ്റ്റ് നേതാവ്. തന്റെ കുടുംബത്തിലെ 16 പേരെ നഷ്ടമായിട്ടും ഈ പോരാട്ടത്തിൽ നിന്നും ഒരു ചുവടുപോലും പിൻമാറിയിട്ടില്ല ‘ദി സ്ട്രഗിൾ’ എന്ന പാകിസ്ഥാനി മാർക്‌സിസ്റ്റ് രാഷ്ട്രീയ പാർട്ടിയുടെ നേതാവ് കൂടിയായ അലി വാസിർ. പാകിസ്ഥാൻ അസംബ്ലി തെരഞ്ഞെടുപ്പിൽ 23,530 വോട്ടുകളോടെയാണ് അലി ജയിച്ചത്. അലിയുട എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 7,515 വോട്ടുകൾ മാത്രമാണ്. 16,015 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച അലിയുടെ വിജയം ഏറെ കൗതുകത്തോടെയാണ് ലോകം നോക്കികണ്ടത്.
പിടിഐ ചെയർമാൻ ഇമ്രാൻ ഖാൻ അലിക്ക് സീറ്റ് നൽകിയിരുന്നുവെങ്കിലും അലി അത് നിരസിക്കുകയായിരുന്നു. ഇടതുപക്ഷ പാർട്ടികളുടെ കൂടെ ചേരാനായിരുന്നു അലിയുടെ നേതൃത്വത്തിലുള്ള സ്ട്രഗിളിന്റെ തീരുമാനം.
പഷ്തൂൻ തഹഫാസ് മൂവ്‌മെന്റിന്റെ മുൻനിര നേതാവായിരുന്നു അലി വാസിർ. അലിയുടെ സ്വദേശമായ വാനയിൽ താലിബാൻ അബയം തേടുമ്പോൾ അലി നിയമവിദ്യാർത്ഥിയായിരുന്നു. പ്രദേശത്ത് അഭയം തേടിയ താലിബാൻ സംഘം പതിയെ അവിടെ ആധിപത്യം സ്ഥാപിക്കാൻ തുടങഅങി. ഇതിനെതിരെ പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. താലിബാനെതിരെയുള്ള പ്രതിഷേധത്തിൽ പ്രധാനിയായിരുന്നു അലിയുടെ അച്ഛനും.
ഈ പ്രതിഷേധപ്രവർത്തനങ്ങൾക്കിടെ 2003 ൽ അലിയുടെ മൂത്ത ജ്യേഷ്ഠനെ അലിക്ക് നഷ്ടമായി. ആ സമയത്ത് അലി വാസിറും താലിബാനെ ചോദ്യം ചെയ്തതിന് ജയിലിലായിരുന്നു. 2005 ൽ അലി വാസിറിന്റെ അച്ഛനും, ചേട്ടന്മാരും, ബന്ധുക്കളുമെല്ലാം കൊല്ലപ്പെടുന്നതും ഇതിന്റെ പേരിലായിരുന്നു. ഒരു കുറ്റവും ചെയ്യാതെ താലിബാനെതിരെ ശബ്ദം ഉയർത്തി എന്ന ഒറ്റ കാരണത്താലാണ് അലി ഉൾപ്പെടെയുള്ള കുടുംബത്തിന് ഈ യാതനകളെല്ലാം സഹിക്കേണ്ടി വന്നത്. 2016 ൽ അലിയുടെ കുടംബം കൈവശംവെച്ചിരുന്ന പഴത്തോട്ടവും, മാർക്കറ്റുമെല്ലാം അവർ നശിപ്പിച്ചു. ഇതോടെ മാനസികമായ സാമ്പത്തികമായും തകർന്ന അലി എന്നാൽ താലിബാനുമായുള്ള പോരാട്ടം അവസാനിപ്പിച്ചില്ല.
2008 ലും 2013 ലും പാർലമെന്ററി തെരഞ്ഞെടുപ്പിൽ അലി മത്സരിച്ചിട്ടുണ്ട്. 2013 ലെ തെരഞ്ഞെടുപ്പിൽ 300 വോട്ടുകൾക്കാണ് അലി പരാജയപ്പെട്ടത്. അന്ന് അലിയുടെ കൂട്ടാളികളെ ക്രൂരമർദ്ദനത്തിനിരയാക്കി.
പാകിസ്ഥാൻ ചരിത്രത്തിൽ തന്നെ ഏറ്റവും കടുത്ത മത്സരത്തിനാണ് 2018 പാക് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഈ തെരഞ്ഞെടുപ്പിൽ വിജയം അലിക്കൊപ്പമായിരുന്നു. പാകിസ്ഥാൻ പാർലമെൻറിൽ ഇനി ഭീകരതയ്‌ക്കെതിരെയും ഭീകരാക്രമണത്തിൽ സർവതും നഷ്ടപ്പെട്ടവർക്കുവേണ്ടിയുമുള്ള ശബ്ദം ഉയർത്താൻ അലി വാസിർ എന്ന മാർക്‌സിസ്റ്റ് നേതാവ് ഉണ്ടാകുമെന്നത് ഉറപ്പ്…കാരണം ഭീകരരുടെ ആക്രമണത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട അലിയേക്കാൾ അവരുടെ വേദന മനസ്സിലാക്കാൻ മറ്റാർക്കാണ് സാധിക്കുക ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here