ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തിയാണ് അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. കനത്ത സുരക്ഷയാണ് ബിഷപ്പ് ഹൗസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. പഞ്ചാബ് പോലീസിന്റെ സഹായത്തോടെ നിരവധി പോലീസുകാരെ ബിഷപ്പ് ഹൗസിന് മുന്നില്‍ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ബിഷപ്പിനെതിയരായ അന്വേഷണത്തിനെതിരെ വിശ്വാസികളുടെ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം മതിയായ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ജലന്ധറിലുള്ളത്.
മേലുദ്യോഗസ്ഥരുമായി കുടിയാലോചന പാടില്ലന്ന് കോടതി ഉത്തരവിൽ നിർദേശിച്ചു. മേൽ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് അറസ്റ്റു ചെയ്യുമെന്ന സർക്കാർ നിലപാട് കോടതി തള്ളി. അറസ്റ്റ് വൈകിക്കുന്നതിന് സമ്മർദ്ദമുണ്ടെന്ന് ഹർജി ഭാഗം വാദത്തിനിടെ ചുണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിൽ വീഴ്ചകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ അനുഭാവപൂർവമായ അന്വേഷണം നടത്തുന്നുണ്ടന്ന് കോടതി നിരീക്ഷിച്ചു. സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ച് ചോദ്യം ചെയ്യലിനുശേഷം ഉദ്യോഗസ്ഥൻ തീരുമാനമെടുക്കണം. അറസ്റ്റിൽ തീരുമാനം എത്രയും വേഗം വേണമെന്നും കോടതി നിർദേശിച്ചു. ഇരയേയും സാക്ഷികളേയും സ്വാധീനിക്കാനോ സമ്മർദം ചെലുത്താനോ മോശക്കാരാക്കാനോ സഭാ അധികൃതർ ശ്രമിക്കരുത്. രൂപതാ അധികൃതർ ഇക്കാര്യത്തിൽ സർക്കുലറോ ലഘുലേഖകളോ പുറപ്പെടുവിക്കരുതെന്നും, ഉണ്ടായാൽ പൊലീസ് നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here