സ്റ്റഡി ടേബിള്‍ വാങ്ങാനുള്ള കാശാണ്…പക്ഷേ, ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാല്‍ മതിയെന്ന് ആച്ചു (ഫേസ്ബുക്ക് പോസ്റ്റ്)

സംസ്ഥാനം ദുരിതക്കയത്തിലാണ്. മഴക്കെടുതി നിരവധി ജീവിതങ്ങളെ താറുമാറാക്കി. വീടുവിട്ടിറങ്ങിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ. നെഞ്ചില്‍ തീക്കനലുമായി ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആശ്വാസത്തിന്റെ പുതുവെളിച്ചം പകരുകയാണ്. തങ്ങളാല്‍ ആവുംവിധം ഓരോരുത്തരും ധനസഹായം നല്‍കുന്നു. പലതുള്ളി പെരുവെള്ളം പോലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകുന്നു. അതിനിടയിലാണ് ആച്ചുവിന്റെ കുഞ്ഞുകുടുക്ക സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

സ്റ്റഡി ടേബിള്‍ വാങ്ങാനുള്ള നാണയതുട്ടുകളുടെ ശേഖരമാണ് പൊട്ടിച്ച കുടുക്കയില്‍. “എന്നാല്‍, ഈ നാലക്ക സംഖ്യ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാല്‍ മതിയെന്നാണ് ആച്ചു!!”- പറയുന്നത് അച്ചുവെന്ന് വിളിക്കുന്ന ആവാസിന്റെ അച്ഛന്‍ സലീഷാണ്. ആവാസ് കോഴിക്കോട് മുക്കം മണാശ്ശേരി ഗവണ്‍മെന്‍റ് യുപി സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.  സ്വകാര്യ പ്രസിദ്ധീകരണത്തില്‍ എഡിറ്ററായ ആവാസിന്‍റെ അച്ഛന്‍‍  സലീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ആച്ചുവിന്‍റെ സംഭാവന വാര്‍ത്ത പുറം ലോകം അറിയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“കുടുക്ക പൊട്ടിച്ചു. നാലക്ക സംഖ്യയുണ്ട്. ഒരു സ്റ്റഡി ടേബിൾ വാങ്ങാൻ വച്ചതായിരുന്നു. ഇനിയിത് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയാൽ മതിയെന്ന് ആച്ചു…”

Top