ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല. ഒമ്പത് മണിക്കൂറാണ് ഇന്നലെ അന്വേഷണം സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. കൂടുതല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റ് ചെയ്യൂ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം മഠത്തില്‍ എത്തിയിട്ടില്ലെന്ന മറുപടിയില്‍ ഉറച്ച് നില്‍ക്കുകയാണ് ബിഷപ്പ്. ബിഷപ്പിനെ ഇനിയും ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നേകാലിന് എത്തിയ അന്വേഷണ സംഘത്തിന് ബിഷപ്പിനെ കാണാനായത് രാത്രി എട്ട് മണിയ്ക്കാണ്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കാണിച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. ഇന്നലെ ബിഷപ്പ് ഹൗസില്‍ എത്തിയ ബിഷപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ ഒരു സംഘം ബിഷപ്പ് ഹൗസില്‍ തടഞ്ഞ് വയ്ക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here