20
Apr 2019
Saturday

ദുരിതം തോരാതെ ഇടുക്കി

കഴിഞ്ഞ 48 മണിക്കൂറായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശം. ദേവികുളം താലൂക്കില്‍ 17 വീടുകള്‍ പൂര്‍ണമായും 23 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അടിമാലി കൊരങ്ങാട്ടിക്ക് സമീപം തടയണ തകര്‍ന്ന് അടിമാലി ടൗണിന്റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ദേവിയാര്‍ തോടിനു കുറുകെയുള്ള പാലം വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ആളപായമില്ല. മന്നാങ്കാല, ചാറ്റുപാറ, പൊളിഞ്ഞപാലം, മച്ചിപ്ലാവ്, 14ാംമൈല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു വിട്ടതോടെ പഴയ മൂന്നാര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. റോഡുകള്‍ മുങ്ങിയതോടെ പഴയ മൂന്നാറിനെ ചൊക്കനാടുമായി ബന്ധിപ്പിക്കുന്ന റോപുവേ പാലം വെള്ളത്തിനടിയിലായി.
ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിലൂടേയുള്ള ഗതാഗതം സുരക്ഷാ കാരണങ്ങളാല്‍ നിരോധിച്ചതോടെ ചൊക്കനാട്, ഹൈറേഞ്ച് ക്ലബ്ബ്, പോതമേട് മേഖലകള്‍ ഒറ്റപ്പെട്ടു. ഇതോടെ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പോതമേട്ടിലെ റിസോര്‍ട്ടുകള്‍ താല്‍ക്കാലികമായി അടച്ചിട്ടു. അണക്കെട്ട് തുറന്നതോടെ മുതിരപ്പുഴയാറിലും കല്ലാര്‍കുട്ടിയിലും പൊന്‍മുടി പുഴയിലും, ലോവര്‍ പെരിയാര്‍, പെരിയാര്‍ തീരങ്ങളിലും വെള്ളം കര കവിഞ്ഞൊഴുകി.
ഇതോടെ നിരവധി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. മൂന്നാറിലെ കെഎസ്‌ആര്‍ടിസി ബസ് സ്‌റ്റേഷന്‍, കെഎസ്‌ഇബി ബ്ലോസം പാര്‍ക്ക്, മുട്ടുകാട്, ചിത്തിരപുരം, പവര്‍ ഹൗസ്, എല്ലക്കല്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൊന്നത്തടി ടൗണിലെ വ്യാപാര സ്ഥാപനം പാറയിടിഞ്ഞു വീണ് തകര്‍ന്നു. കുത്തുങ്കല്‍, നങ്കുസിറ്റി, പീച്ചാട്, ലഷ്മി എസ്‌റ്റേറ്റ്, കുതിരയള, പനങ്കുട്ടി, ചെങ്കുളം, ഈട്ടിസിറ്റി, ഖജനാപ്പാറ, ബൈസണ്‍വാലി മേഖലയില്‍ ശക്തമായ കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണു. മുരിക്കാശേരി വണ്ണപുറം റോഡില്‍ മണ്ണിടിഞ്ഞു.
കരിമ്പന്‍ അട്ടിക്കളം റോഡിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കനത്ത മഴയില്‍ അടിമാലി മാങ്കുളം റോഡിലെ കുരിശുപാറയില്‍ സിപിഎം ഓഫീസ് തകര്‍ന്നു. ആളപായമില്ല. കൊച്ചി ധനുഷ്‌കോടി ദേശീയപാത 85ല്‍ നേര്യമംഗലത്തിനും മൂന്നാറിനുമിടയില്‍ 27 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ചീയപ്പാറയിൽ മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് 10മൈലിൽ വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുന്നു. ഹൈവേ ജാഗ്രത സമിതി യിലെ അംഗങ്ങളും നാട്ടുകാരും കൂടി മണ്ണ് മാറ്റി വാഹന ഗതാഗതം പുന സ്ഥാപിക്കാൻ ഉള്ള പരിശ്രീമത്തിലാണ്. ദേശീയപാതയിലെ ആനവിരട്ടി, ഇരുട്ടുകാനം, വാളറ ഭാഗങ്ങളില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കല്ലാര്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. ഇരുട്ടുകാനം ആനച്ചാല്‍ റൂട്ടില്‍ അമ്പഴച്ചാലിലും ആഡിറ്റിലും ഗതാഗതം തടസപ്പെട്ടു. അടിമാലി വെള്ളത്തൂവല്‍ ആനച്ചാല്‍ റോഡില്‍ കുത്തുപാറയില്‍ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു.
വെള്ളത്തൂവല്‍ പൊന്‍മുടി രാജാക്കാട് റോഡില്‍ എസ് വളവ്, പന്നിയാര്‍കുട്ടി, കള്ളിമാലി എന്നിവിടങ്ങളില്‍ ഗതാഗതം ഭാഗികമായി നിലച്ചു. ദീര്‍ഘദൂര സ്വകാര്യ സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇരുന്നൂറേക്കര്‍ മില്ലുംപടിയില്‍ കാറിനു മുകളില്‍ മരം ഒടിഞ്ഞുവീണു. ആളപായമില്ല. ആനവിരട്ടിയില്‍ കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. യാത്രികര്‍ക്ക് പരിക്കില്ല. ഇതിനിടെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ ഉരുള്‍പൊട്ടലിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്തു. അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍, കൊരങ്ങാട്ടി, ആനവിരട്ടി മേഖലകളിലെ ക്യാമ്ബുകളില്‍ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും സഹായം എത്തിക്കുന്നുണ്ട്.

ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top