ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; കരകവിഞ്ഞ് നദികള്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഏറ്റവും അവസാനമായി ലഭിച്ച കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2398.82 ആയി. സെക്കന്റില്‍ 1000 ഘനയടി വെള്ളമാണ് ചെറുതോണിയുടെ ഷട്ടറുകള്‍ തുറന്നിട്ട് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.
ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയും കടന്നു. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇടമലയാറിന്റെ ജലനിരപ്പ് 169.21 ആയി. 169 അടിയാണ് ഇടമലയാറിന്റെ പരമാവധി സംഭരണശേഷി.
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 141.6 അടിയായി ഉയര്‍ന്നു. 13 സ്പില്‍വേ തുറന്നിട്ടാണ് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കി കളയുന്നത്. ചെറുതോണി ഭാഗത്തും പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് 33 ഡാമുകളാണ് ആകെ തുറന്നിരിക്കുന്നത്. മൂന്നാറില്‍ വെള്ളപ്പൊക്കം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പമ്പ, ത്രിവേണി നദികളും കരകവിഞ്ഞൊഴുകുന്നു. ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടു. 12 ജില്ലകളില്‍ ഇതിനോടകം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here