രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍; കേന്ദ്രത്തോട് കൂടുതല്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി

ദുരിതബാധിത മേഖലകളില്‍ ത്വരിതഗതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാവരും കൂട്ടായ പ്രവര്‍ത്തനമാണ് ദുരിതബാധിത മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തന്നെ നടക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം സ്ഥിതിഗതികള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ കണക്കനുസരിച്ച് 52816 കുടുംബങ്ങളിലായി രണ്ട് ലക്ഷത്തി ഇരുപ്പത്തിമൂവ്വായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്ന് മുഖ്യമന്ത്രി വിശദമാക്കി. 1568 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ആഗസ്റ്റ് എട്ട് മുതലുള്ള കണക്കനുസരിച്ച് 164 പേര്‍ മഴക്കെടുതിയില്‍ മരണപ്പെട്ടു. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ഇന്ന് അതിരാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. ചാലക്കുടി, പത്തനംതിട്ട, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ഹെലികോപ്റ്ററുകളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രശ്‌നബാധിത മേഖലകളിലേക്ക് എയര്‍ഫോഴ്‌സ് 11 ഹെലികോപ്റ്ററുകള്‍ എത്തിക്കും. പലയിടത്തും മഴ ഇപ്പോഴും തുടരുന്നുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്റര്‍ സൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുമായി വീണ്ടും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
എയര്‍ഫോഴ്‌സിന് പുറമേ 28 കേന്ദ്രങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിനെ വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 14 പുതിയ ടീമുകള്‍ ഇന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തും. എന്‍.ഡി.ആര്‍.എഫ് മാത്രം നാലായിരത്തിലധികം പേരെ ഇതിനോടകം റെസ്‌ക്യൂ ചെയ്തു. നാവികസേന 500 ഓളം പേരെ റെസ്‌ക്യൂ ചെയ്തിട്ടുണ്ട്. പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഇപ്പോഴും താഴ്ന്നിട്ടില്ല. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. രക്ഷാപ്രവര്‍ത്തനം വരും മണിക്കൂറുകളില്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്തും. ഓരോ മണിക്കൂറിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണം നടക്കുന്നുണ്ട്. 1 ലക്ഷം ഭക്ഷണപാക്കറ്റുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യ്തിട്ടുണ്ട്. ജനങ്ങള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണം. മാറിതാമസിക്കാന്‍ പറയുമ്പോള്‍ വൈമനസ്യം കാണിക്കാതെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here