പെട്രോള്‍ ക്ഷാമം ഇല്ല, അവശ്യവസ്തുക്കള്‍ വില്‍ക്കാന്‍ കടയുടമകള്‍ താല്‍പര്യം കാണിക്കണം

സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം അതിരൂക്ഷമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. പല പെട്രോള്‍ പമ്പുകളിലും വാഹനങ്ങളുടെ നീണ്ടനിര തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്. പെട്രോള്‍ ക്ഷാമം രൂക്ഷമാവുന്നു എന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് ആളുകള്‍ കൂട്ടമായി പമ്പുകളിലെത്തി പെട്രോള്‍ അടിക്കുന്നു, ചിലര്‍ വലിയ കന്നാസുകളിലും ശേഖരിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വാഹനങ്ങള്‍ ആവശ്യമായ സമയത്ത് വേണ്ടത്ര പെട്രോള്‍ ലഭിക്കാതെ വരും. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
അതേ സമയം, ചെറിയ വെള്ളക്കെട്ട് മാത്രമുള്ള സ്ഥലങ്ങളിലെ കടയുടമകള്‍ കട അടച്ചിടുന്നത് ദുരിതാശ്വാസ ക്യാമ്പിലുള്ള ജനങ്ങളെ വലയ്ക്കുന്നു. ജനങ്ങള്‍ക്ക് അവശ്യമായ സാധനങ്ങള്‍ വില്‍ക്കാന്‍ കടയുടമകള്‍ മനസ് കാണിക്കണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. പലയിടത്തും കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ അടക്കം ലഭിക്കുന്നില്ല. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here