Advertisement

ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കില്ല; സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

August 22, 2018
Google News 0 minutes Read
water level may increase again says chief minister pinarayi vijayan

പ്രളയദുരിതത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടായിരിക്കുമെന്നും ജനങ്ങള്‍ക്ക് നേരെ മുഖം തിരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കേരള ജനതയുടെ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതത്തില്‍ അകപ്പെട്ട ജനങ്ങളെ കൈ പിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി.

ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമെന്ന് മലയാളികള്‍ തെളിയിച്ചു. പ്രയാസകരമായ അവസ്ഥയെ ജനങ്ങളുടെ സഹകരണത്തോടെ മറികടക്കാന്‍ സാധിച്ചു. എല്ലാവരും ഒത്തൊരുമിച്ച് നിന്നതിനാലാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാന്‍ സംസ്ഥാനത്തിന് കരുത്ത് പകര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളും യുവാക്കളും ഒത്തൊരുമിച്ച് നിന്നത് നാടിന്റെ ഐക്യത്തെയാണ് സൂചിപ്പിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി കുട്ടികള്‍ നല്‍കിയ ചെറിയ സംഭാവനകളെ പ്രത്യേകം എടുത്ത് പറഞ്ഞ് നന്ദി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ മത്സ്യതൊഴിലാളികള്‍ വീടുകളിലേക്ക് തിരിച്ചെത്തിയാല്‍ ആരോഗ്യസംരക്ഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിനൊപ്പം നിന്നു. 146 കോടി രൂപ ഇതിനോടകം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചു. ഇനിയും സഹായിക്കാമെന്ന വാഗ്ദാനവുമായി പല സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. ലോകം കേരളത്തെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ്. യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളും സംഘടനകളും കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അത് പ്രധാനമന്ത്രിയെ തന്നെ നേരിട്ട് അറിയിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയദുരിതം സര്‍ക്കാര്‍ വരുത്തിവച്ചതാണെന്ന തരത്തില്‍ പ്രതിപക്ഷവും മറ്റ് രാഷ്ട്രീയ നേതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പൊള്ളയായതും അടിസ്ഥാരഹിതവുമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here