സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയി വിശ്വത്തിന്റെ തന്നെ പേര് നിര്‍ദ്ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി.
കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, ആദ്യമായാണ് സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ആകാന്‍ പോകുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് ബിനോയ് വിശ്വം ഇന്ന് മറുപടി നല്‍കും. തുടര്‍ന്ന് പുതിയ സംസ്ഥാന കൗണ്‍സിലിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ് പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമേ ഉണ്ടാകൂ.
സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് അഞ്ച് പ്രധാന നേതാക്കള്‍ അടക്കം പത്ത് പേര്‍ ഒഴിവാകും. 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നത് തുടരാന്‍ തീരുമാനിച്ചതോടെയാണ് പ്രമുഖ നേതാക്കളെ ഒഴിവാക്കുന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, വി.ചാമുണ്ണി, സി എന്‍ ജയദേവന്‍ എന്നിവരാണ് ഒഴിവാകുന്ന പ്രമുഖര്‍. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജെ. വേണുഗോപാലന്‍ നായര്‍, പി കെ കൃഷ്ണന്‍ എന്നിവരും പ്രായപരിധി കഴിഞ്ഞതിനാല്‍ ഒഴിവാകും. പുതിയ സംസ്ഥാന കൗണ്‍സിലിലേക്ക് 20 ശതമാനം പുതുമുഖങ്ങള്‍ വേണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രായപരിധി ആകാത്ത ചിലരെയും ഒഴിവാക്കും.
അതേസമയം, സമ്മേളനത്തില്‍ സിപിഐ ദേശീയ നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാരിന് കളങ്കമാണ് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് എന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ചിറ്റമ്മനയമാണെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. എന്നാല്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിലെ ചര്‍ച്ചയിലെ ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് കാര്യമായ മറുപടി കെ പ്രകാശ് ബാബു നല്‍കിയില്ല.
Story Highlights : CPI state conference to conclude today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here