‘കനൽ’ യൂട്യൂബിലല്ല നേതാക്കളുടെ മനസിലാണ് വേണ്ടത്, CPI സമ്മേളനത്തിൽ വിമർശനവും പരിഹാസവും

സിപിഐ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി യൂട്യൂബ് ചാനലായ ‘കനലി’നെതിരെ രൂക്ഷമായ വിമർശനം. എറണാകുളത്തുനിന്നുള്ള പ്രതിനിധിയായ അയൂബ് ഖാനാണ് വിമർശനം ഉന്നയിച്ചത്. ‘കനൽ’ യൂട്യൂബിൽ അല്ല, മറിച്ച് നേതാക്കളുടെ മനസ്സിലാണ് ഉണ്ടാവേണ്ടതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മനസ്സിൽ കനലില്ലെങ്കിൽ പാർട്ടിയെ വാർദ്ധക്യം ബാധിക്കുമെന്നും രാഷ്ട്രീയ പ്രവർത്തനം വിരസമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളും പ്രവർത്തകരും നിരാശരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി. സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐയുടെ പേര് പോലും പറയാതെയാണ് പ്രസംഗിച്ചതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സമ്മേളന പ്രതിനിധികളെ മെറ്റൽ ഡിറ്റക്ടറിലൂടെ കടത്തിവിട്ട് പങ്കെടുപ്പിച്ചതിനെയും അവർ പരിഹസിച്ചു.
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന രാഷ്ട്രീയ റിപ്പോർട്ടിലും കടുത്ത വിമർശനങ്ങളുണ്ടായിരുന്നു. പൊലീസ് നടപടികളിൽ ആഭ്യന്തര വകുപ്പിനെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും പ്രതിനിധികൾ രംഗത്തെത്തി. പൊതുജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നും വിമർശനമുയർന്നു.
Read Also: ‘റേഷന്‍ കടയില്‍ വിലക്ക് നേരിട്ട മറിയകുട്ടി ചേടത്തിക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു’; സുരേഷ് ഗോപി
പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെയും അംഗങ്ങളുടെയും എണ്ണത്തിൽ കുറവുണ്ടായതായി സമ്മേളന റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ-ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ ധനകാര്യ വകുപ്പിനെതിരെയും വിമർശനങ്ങൾ ഉണ്ടായി. ധനമന്ത്രി സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് പണം അനുവദിക്കുന്നതിൽ പക്ഷഭേദം കാണിക്കുന്നുവെന്നും, ഫണ്ട് വാങ്ങി എടുക്കാൻ മന്ത്രിമാർക്ക് ആർജവം വേണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പാർട്ടിക്ക് യുവജനങ്ങളെ ആകർഷിക്കാൻ കഴിയുന്നില്ലെന്നും, രാഷ്ട്രീയ പ്രവർത്തനം വിരസമായി മാറിയിരിക്കുന്നുവെന്നും വിമർശനമുയർന്നു. സമ്മേളനശേഷം നേതാക്കൾ സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
Story Highlights : ‘Kanal’ needs to be in the minds of leaders, not on YouTube, criticism and ridicule at CPI conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here