ഓസ്‌ട്രേലിയയിൽ നിന്നെത്തിയ യുവാവും സുഹൃത്തും ചേർന്ന് കൊച്ചിയൽ പദ്ധതിയിട്ടത് കോടികളുടെ കവർച്ചയ്ക്ക്; പ്രതികളെ പിടിച്ചത് 24 മണിക്കൂറിനുള്ളിൽ

ഓസ്‌ട്രേലിയയിൽ നിന്നെത്തിയ യുവാവും സുഹൃത്തും ചേർന്ന് കൊച്ചിയൽ പദ്ധതിയിട്ടത് കോടികളുടെ കവർച്ചയ്ക്ക്. ഇതിനായി പെരുമ്പാവൂർ എംസി റോഡിലെ കടയുടെ പൂട്ട് പൊളിച്ച് ഓക്‌സിജൻ സിലിണ്ടറും ഇവർ തട്ടിയെടുത്തു.
കഴിഞ്ഞ ഒമ്പത് വർഷമായി ഓസ്‌ട്രേലിയയിൽ സ്ഥിര തമാസമാക്കിയ കണ്ണൂർ സ്വദേശി പിന്റോയും സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശും ചേർന്നായിരുന്നു കൊച്ചി നഗരത്തിൽ വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടിരുന്നത്.
ഓണാവധിയിൽ കവർച നടത്താനായി ജ്വല്ലറികളുടേയും ധനകാര്യം സ്ഥാപനങ്ങളുടേയും ബിവറേജസ് കോർപ്പറേഷന്റെയും അടക്കം പട്ടികയും ഇവർ തയ്യാറാക്കിയിരുന്നു.
വെള്ളിയാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് ഇവർ പെരുമ്പാവൂർ എംസി റോഡിലെ അഡ്‌സൺ ഏജൻസിയിലെത്തി കട്ടർ ഉപയോഗിച്ച് പൂട്ട് തകർത്തുകയറി ഓക്‌സിജൻ സിലിണ്ടർ മോഷ്ടിച്ചത്. സിസിടിവിയിൽ ഇവർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതോടെ പെരുമ്പാവൂർ സിഐ ബൈജു കെ പൗലോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയിലെ മാരാരിക്കുളത്തെ ഹോം സ്‌റ്റേയിൽ നിന്നാണ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പോലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കകുന്ന മോഷണപരമ്പരയുടെ പദ്ധതി പ്രതികൾ പോലീസിനോട് ഇവർ പറഞ്ഞത്.
ജയപ്രകാശ് പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. 2013 ൽ തിരുവനന്തപുരം ആറ്റിങ്ങലിലെ ഫിനാൻസ് സ്ഥാപനത്തിൽ മുഖംമൂടി ധരിച്ച് കത്തി കാട്ടി ജീവനക്കാരെ ഭയപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. ഇയാൾ മുമ്പ് 23 വർഷത്തോളം ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്നു. ഗൾഫിൽവെച്ചാണ് പിന്റോ യുമായി പരിചയത്തിലാകുന്നത്. ഓസ്‌ട്രേലിയയിൽ ഓർഗാനിക് ഫുഡിന്റെ ബിസിനസ്സായിരുന്നു പിന്റോ ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലുണ്ടായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനായിരുന്നു വൻ മോഷണത്തിന് പിന്റോ പദ്ധതിയിട്ടിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here