Advertisement

ഒരു കൂട്ടം ഭരണാധികാരികള്‍ നന്മയുടെ വക്താക്കളാണ്; മറ്റൊരു കൂട്ടം എളുപ്പമുള്ള കാര്യങ്ങളെ പോലും പ്രയാസമുള്ളതാക്കുന്നു: യു.എ.ഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഏറ്റെടുത്ത് മലയാളികള്‍

August 27, 2018
2 minutes Read

രണ്ട് തരത്തിലുള്ള ഭരണാധികാരികളെ കുറിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രളയക്കെടുതിയില്‍ കേരളത്തിനായി യുഎഇ നീട്ടിയ സഹായഹസ്തം സ്വീകരിക്കുന്നതിനെ കേന്ദ്ര ഗവണ്‍മെന്റ് എതിര്‍ത്ത സാഹചര്യത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെടുന്നത്.

രണ്ടുതരം ഭരണാധികാരികളെ കുറിച്ചാണ് ട്വീറ്റില്‍ പറയുന്നത്. ഒന്നാമത്തെ കൂട്ടര്‍ ജനങ്ങളുടെ ജീവിതം കരു പിടിപ്പിക്കുന്നതിന് വേണ്ടി പ്രയത്‌നിക്കുന്ന നന്മയുള്ള ഭരണാധികാരികളാണെന്നും രണ്ടാമത്തെ കൂട്ടര്‍ എളുപ്പമുള്ള കാര്യങ്ങള്‍ പോലും പ്രയാസകരമാക്കുമെന്നും ട്വീറ്റില്‍ പറയുന്നു. മലയാളികള്‍ യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഏറ്റെടുത്തു. യുഎഇ സഹായവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ട്വീറ്റ്.

“ജീവിതം എന്നെ പഠിപ്പിച്ചത്” എന്ന ഹാഷ്ടാഗിൽ അദ്ദേഹം അറബിയിൽ കുറിച്ചതിന്റെ ചുരുക്കം ഇതാണ്

“രണ്ട് തരം ഭരണാധികാരികളുണ്ട്. ഒന്നാമത്തെ വിഭാഗം നന്മയുടെ താക്കോലുകളായി വര്‍ത്തിക്കുന്നു. ഇവര്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യാനിഷ്ടപ്പെടുന്നു. മനുഷ്യജീവിതം മെച്ചപ്പെടുത്താനുള്ള ഉപകരണങ്ങളാകുന്നു ഇവര്‍. നല്‍കുന്നതിലും, ദാനങ്ങളിലും മൂല്യം കണ്ടെത്തുന്നവരാണിവര്‍. ജീവിതങ്ങള്‍ മെച്ചപ്പെടുത്തലാണ് നേട്ടമെന്ന് ഈ ഭരണാധികാരികള്‍ തെളിയിക്കുന്നു. ഈ താക്കോലുകള്‍ വാതിലുകള്‍ തുറക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. എപ്പോഴും ജനങ്ങളുടെ നേട്ടത്തിനായി പരിശ്രമിക്കുന്നു.
രണ്ടാമത്തെ വിഭാഗം നന്മയ്ക്ക് തടസ്സം നില്‍ക്കുന്നവരാണ്. കാര്യങ്ങള്‍ ലളിതമാക്കുന്നതിലല്ല ഇവരുടെ താല്‍പ്പര്യം. മാനവ ജീവിതം ദുഷ്‌ക്കരമാക്കുന്ന നടപടി ക്രമങ്ങളാവും ഇവരുടെ നിര്‍ദ്ദേശങ്ങള്‍. ആവശ്യങ്ങളുമായി ജനങ്ങള്‍ തങ്ങളുടെ വാതിലുകള്‍ക്ക് മുന്നില്‍ കൂട്ടമായി നില്‍ക്കുന്നതില്‍ ഇവര്‍ സന്തോഷം കണ്ടെത്തുന്നു. എന്നാല്‍ വാതിലുകള്‍ തുറക്കാനോ സഹായമെത്തിക്കാനോ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല. ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളും, സര്‍ക്കാരുകളും മാത്രമാണ് നിലനില്‍പ്പിന് അര്‍ഹര്‍”.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top