“താറാവ് നീന്തുന്ന കുളത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലായിരിക്കും”; വിചിത്ര വാദവുമായി ത്രിപുര മുഖ്യമന്ത്രി വീണ്ടും

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ മണ്ടന്‍ പരാമര്‍ശങ്ങള്‍ അവസാനിക്കുന്നില്ല. താറാവ് നീന്തുന്ന കുളത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലായിരിക്കുമെന്ന ബിപ്ലബിന്റെ പുതിയ പരാമര്‍ശമാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. ഗ്രാമങ്ങളില്‍ തന്റെ നേതൃത്വത്തില്‍ കൂടുതല്‍ താറാവുകളെ വിതരണം ചെയ്യുമെന്നും ഇതിലൂടെ ഗ്രാമങ്ങളുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നും ഒപ്പം താറാവുകള്‍ നീന്തുന്നതിലൂടെ ഗ്രാമങ്ങളിലെ കുളങ്ങളില്‍ ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കുമെന്നുമാണ് ബിപ്ലവിന്റെ അവകാശവാദം. ഗ്രാമങ്ങളിലെ കുളങ്ങള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതിനാല്‍ താറാവിനെ വളര്‍ത്താന്‍ ഗ്രാമങ്ങളിലെ എല്ലാവരും തയ്യാറാകണമെന്നും ബിപ്ലബ് ആവശ്യപ്പെടുന്നുണ്ട്. ശുദ്ധമായ വെള്ളമുള്ള കുളങ്ങളില്‍ ധാരണം മത്സ്യങ്ങള്‍ വളരുമെന്നും ബിപ്ലബ് പ്രസംഗത്തില്‍ പറയുന്നുണ്ട്.
രുദ്രസാഗര്‍ തടാകത്തില്‍ നടന്ന പരമ്പരാഗത വള്ളംകളി മത്സരത്തിനിടെയായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം. രുദ്രസാഗര്‍ തടാകത്തിന് സമീപത്ത് താമസിക്കുന്ന 5000 പേര്‍ക്ക് താറാവുകളെ വിതരണം ചെയ്യുമെന്ന് ബിപ്ലബ് പ്രഖ്യാപിച്ചു. “താറാവ് വെള്ളത്തിലൂടെ നീന്തുമ്പോള്‍ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കുകയും വെള്ളം പുത്തനാവുകയും ചെയ്യും. വെള്ളത്തിലുള്ള മീനിന് സ്വാഭാവികമായും ഓക്‌സിജന്‍ കൂടുതല്‍ ലഭിക്കും. മീനുകള്‍ വേഗത്തില് വളരും. എല്ലാ കുടുംബങ്ങളും താറാവുകളെ വളര്‍ത്താന്‍ തയ്യാറാകാണം”- ബിപ്ലബ് ദേബ് പറഞ്ഞു.
ഇതിനും മുന്‍പും ഇത്തരം മണ്ടന്‍ പരാമര്‍ശങ്ങളിലൂടെ ബിപ്ലബ് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിവില്‍ എഞ്ചിനീയറിങ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കണ്ടതെന്ന ബിപ്ലബിന്റെ പരാമര്‍ശം ആണ് ഇതിന് തൊട്ട് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയത്.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞവര്‍ സിവില്‍ സര്‍വീസിന് അപേക്ഷിക്കരുതെന്നും ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിചയമുണ്ടാവുക സിവില്‍ എഞ്ചിനീയര്‍മാര്‍ക്കായിരിക്കുമെന്നും അന്ന് ബിപ്ലബ് പറഞ്ഞിരിന്നു. ഒപ്പം ഡോക്ടര്‍മാര്‍ക്കും സിവില്‍ സര്‍വീസില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പെട്ടെന്ന് അവരെ സഹായിക്കാന്‍ ഐഎഎസ്‌കാര്‍ക്ക് സാധിക്കുമെന്നും ബിപ്ലബ് പറഞ്ഞിരുന്നു. മഹാഭാരത യുദ്ധകാലത്ത് ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്ന കണ്ടുപിടത്തമാണ് ബിപ്ലബിന്റെ മറ്റൊരു വിവാദ പരാമര്‍ശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here