അലസ്റ്റയര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും നിലവിലെ ടീമംഗവുമായ അലസ്റ്റയര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റായിരിക്കും കുക്കിന്റെ അവസാന രാജ്യാന്തര മത്സരം. ഇംഗ്ലണ്ട് ടീമിന് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച താരമാണ് 33-കാരനായ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ കുക്ക് മുന്‍പന്തിയിലുണ്ടാകും.

ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ച നായകന്‍ എന്ന റെക്കോര്‍ഡ് കുക്കിന്റെ പേരിലാണ്. 59 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലുമാണ് കുക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡും കുക്കിന്റെ പേരിലാണ്. 50 ടെസ്റ്റ് മത്സര വിജയങ്ങളില്‍ പങ്കാളിയായ ഇംഗ്ലണ്ട് താരം എന്ന നേട്ടവും കുക്കിനാണ്. 2006 ലാണ് കുക്ക് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. 2014 ഡിസംബറില്‍ ശ്രീലങ്കക്കെതിരായിരുന്നു കുക്കിന്റെ അവസാന ഏകദിനം.

ഇംഗ്ലണ്ടിന് വേണ്ടി 92 ഏകദിന മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ച്വറികളടക്കം 36.40 ശരാശരിയില്‍ 3,204 റണ്‍സാണ് കുക്ക് നേടിയിട്ടുള്ളത്. ടെസ്റ്റ് കരിയറില്‍ 160 മത്സരങ്ങളിലാണ് കുക്ക് ഇംഗ്ലണ്ടിന് വേണ്ടി ജഴ്‌സിയണിഞ്ഞത്. ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റ് കുക്കിന്റെ 161-ാം ടെസ്റ്റാണ്. 32 സെഞ്ച്വറികളടക്കം 44.88 ശരാശരിയില്‍ 12,254 റണ്‍സാണ് കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഇന്ത്യ്‌ക്കെതിരെ 2011 ല്‍ നേടിയിട്ടുള്ള 294 റണ്‍സാണ് കുക്കിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍.

Top