അർബുദ രോഗിയായ യാചകൻ കേരളത്തിന് നൽകിയത് 5000 രൂപ

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് അർബുദ രോഗിയായ യാചകൻ നൽകിയത് 5000 രൂപ. ഗുജറാത്തിലെ മഹ്‌സാന സ്വദേശിയായ ഖിംജി പ്രജാപതിയാണ് 5000 രൂപ കേരളത്തിനായി സംഭാവന ചെയ്തത്.
മൂന്ന് മാസം മുമ്പാണ് 71 കാരനായ ഖിംജിക്ക് വയറിൽ ക്യാൻസറുണ്ടെന്ന് കണ്ടെത്തുന്നത്. കേരളത്തിന്റെ അവസ്ഥയറിഞ്ഞപ്പോഴാണ് താൻ സ്വരൂപിച്ച 5000 രൂപ കളക്ടറുടെ ഓഫീസിലെത്തി സംഭാവന ചെയ്തത്. തന്റെ ക്യാൻസർ ചികിത്സയ്ക്ക് ഈ പണം ഉപയോഗിക്കാമായിരുന്നിട്ടും അത് വേണ്ടെന്നുവെച്ചാണ് ഖിംജി കേരളത്തിനായി പണം നീക്കി വെച്ചത്.
തനിക്കായി എന്തെങ്കിലും ചെയ്യുന്നതിനേക്കാളും പ്രജാപതിക്ക് ഇഷ്ടം ആവശ്യക്കാർക്കായി ആ പണം നീക്കിവെക്കുന്നതാണ്. ഇതിന് മുമ്പും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം നൽകിയിട്ടുണ്ട് ഖിംജി. പണമില്ലാത്ത കുട്ടികൾക്ക് പഠിക്കാനാവശ്യമായ പുസ്തകങ്ങൾ, പേന, മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിവ വാങ്ങി നൽകിയും ചെറിയ സ്വർണ്ണ കമ്മൽ നൽകിയുമെല്ലാം പെൺകുട്ടികളെ അദ്ദേഹം പഠിക്കാൻ മുന്നോട്ട് നയിക്കുമായിരുന്നു.
അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളെല്ലാം കണക്കിലെടുത്ത് റോട്ടറി ക്ലബ് ഓഫ് ഇന്ത്യ ‘ലിറ്ററസി ഹീറോ അവാർഡ്’ അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here