‘പരാതിക്കാര്‍ക്കൊപ്പം തന്നെ’; നിലപാട് വ്യക്തമാക്കി ബൃന്ദാ കാരാട്ട്

രാജ്യത്ത് എവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടായാലും പരാതിക്കാര്ക്കൊപ്പമായിരിക്കും നില കൊള്ളുകയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പരാതിയിലും പരാതിക്കാരിക്കൊപ്പമാണ് സിപിഎം നിലകൊള്ളുന്നതെന്നും ബൃന്ദാ വ്യക്തമാക്കി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അതിന് ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുകയെന്നും ബ്രന്ദ കൂട്ടിച്ചേര്‍ത്തു. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ബൃന്ദാ കാരാട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചത് ലോകത്തിന് മാതൃകയാണെന്ന് ബൃന്ദ കാരാട്ട് ചൂണ്ടികാട്ടി. ദുരന്തസമയത്ത് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളജനത ഒറ്റക്കെട്ടായി. ഇത് മാതൃകാ പരമാണെന്നും, നവകേരളം കെട്ടിപ്പടുക്കാന്‍ ഈ ഐക്യവും നിശ്ചയദാര്‍ഢ്യവും തുടരണമെന്നും അവര്‍ ആഹ്വാനം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും പ്രവര്‍ത്തനങ്ങളെയും ബൃന്ദ പ്രകീര്‍ത്തിച്ചു.
കണ്ണൂരിലെ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ പ്രളയബാധിതര്‍ക്ക് നല്കുന്ന സഹായവിതരണവും ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here