ദലാല്‍ സ്ട്രീറ്റില്‍ ‘കറുത്ത ചൊവ്വ’

sensex a

രൂപയുടെ മൂല്യത്തകര്‍ച്ചയോടൊപ്പം ഓഹരി വിപണികളുടെ കൂപ്പുകുത്തലും രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്ന്. സെന്‍സെക്‌സ് 509 പോയിന്റുകള്‍ ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,287 ലായിരുന്നു ദേശീയ ഓഹരി വിപണിയുടെ ക്ലോസിങ്. രാജ്യാന്തര വിപണികളില്‍ യൂറോപ്യന്‍ സ്റ്റോക്കുകളുടെ വിലയിടിവും ഇന്നത്തെ വ്യാപാരത്തിന്റെ പ്രത്യേകതയായിരുന്നു. യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരയുദ്ധത്തിന്റെ പ്രതിഫലനമായിരുന്നു വിപണിയില്‍. മൂലധന തിരിച്ചൊഴുക്കും വിപണിക്ക് തിരിച്ചടിയായിരുന്നു. വിദേശ മൂലധന സ്ഥാപനങ്ങള്‍ 841.68 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു.

ബിഎസ്ഇ മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഓഹരികള്‍ 1.36% വും 1.37%വും ഇടിവ് രേഖപ്പെടുത്തി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, ടെലികോം ഓഹരികള്‍ 2% ഇടിവ് രേഖപ്പെടുത്തി. റിയല്‍റ്റി, മെറ്റല്‍, ബേസിക് മെറ്റീരിയല്‍സ്, ഓട്ടോ, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ക്ക് 1.5% നഷ്ടമാണുണ്ടായത്.

കോള്‍ ഇന്ത്യ, എന്‍ടിപിസി, മഹീന്ദ്ര. ഇന്‍ഫോസിസ് കമ്പനികള്‍ നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീല്‍, ഐടിസി, ടൈറ്റന്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ക്ക് നഷ്ടമായിരുന്നു.

കറന്‍സി വിപണിയില്‍ രൂപയ്ക്കും തകര്‍ച്ചയായിരുന്നു. 72 രൂപ 70 പൈസയെന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. വിലക്കയറ്റ നിരക്ക് ഇന്ന് പ്രഖ്യാപിക്കും. ഇതും നാളത്തെ വ്യാപാരത്തെ ബാധിച്ചേക്കും. ചാഞ്ചാട്ടത്തിലുള്ള വിപണിയില്‍ തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്നും ഇതനുവദിക്കില്ലെന്നും ഓഹരി വിപണി നിയന്ത്രിതാവ് സെബി അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top