തുലാമഴ ശക്തമായാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവരും

തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് നിറഞ്ഞത് കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം സംഭരിക്കുന്നതാണ് തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട്. കേരളത്തിലെ പ്രളയജലം പരമാവധി വൈഗയിൽ ശേഖരിച്ചിരുന്നു. തുലാമഴ ശക്തമായാൽ ഒരുവട്ടംകൂടി മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടിവരും. ഇത് പെരിയാർ തീരത്ത് വീണ്ടും ആശങ്ക സൃഷ്ടിക്കും.
അണക്കെട്ടിൽ നിലവിൽ 91 ശതമാനം വെള്ളമുണ്ട്. 10 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ജലനിരപ്പാണിത്. തമിഴ്‌നാട്ടിലെ തേനി, രാമനാഥപുരം, മധുര, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിൽ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് മുല്ലപ്പെരിയാർ വെള്ളമാണ്. ലോവർ പെരിയാർവഴി കൊണ്ടു പോവുന്ന മുല്ലപ്പെരിയാർ വെള്ളം വൈഗ അണക്കെട്ടിലാണ് സംഭരിക്കുന്നത്.
കേരളത്തിലെ തുലാവർഷസമയത്താണ് തമിഴ്‌നാട്ടിലും മുല്ലപ്പെരിയാർ ഡാം പരിസരത്തും കൂടുതൽ മഴ കിട്ടുന്നത്. മുല്ലപ്പെരിയാറിൽ ഇപ്പോൾ 131.2 അടി വെള്ളമുണ്ട്. ഇവിടേക്ക് 649 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ തമിഴ്‌നാട് 1868 ഘനയടി കൊണ്ടു പോവുന്നു. തുലാവർഷം കനത്താൽ ജലനിരപ്പ് വീണ്ടും ഉയരും. വൈഗ നിറഞ്ഞു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ശേഖരിക്കാനാവില്ല. ഈ ഘട്ടത്തിൽ പെരിയാറിലേക്ക് വെള്ളം തുറന്നു വിടേണ്ടിവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here