Advertisement

‘റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയത് മോദി സര്‍ക്കാര്‍’; മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം

September 22, 2018
Google News 6 minutes Read
modi rafael deal

റാഫേല്‍ കരാറിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയത് മോദി സര്‍ക്കാറാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ബിജെപിയെയും മോദിയെയും കടന്നാക്രമിക്കാനുള്ള അവസരമായാണ് രാഹുല്‍ ഇതിനെ കാണുന്നത്. ‘മോദി ഇന്ത്യയെ ചതിച്ചു’ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരിച്ചത്. റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയെ മോദി ഉള്‍പ്പെടുത്തിയത് എങ്ങനെയെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അതിന് മുന്‍ ഫ്രഞ്ച് പ്രസിഡന്റിനോട് നന്ദി പറയുന്നുവെന്നും രാഹുല്‍ മോദിയെ പരിഹസിച്ച് ട്വിറ്ററില്‍ കുറിച്ചു.

റാഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയത് മോദി സര്‍ക്കാറാണെന്ന് വെളിപ്പെടുത്തല്‍. ഫ്രാന്‍സിന്റെ സമ്മതപ്രകാരമാണ് റിലയന്‍സിനെ ഉള്‍പ്പെടുത്തിയതെന്ന പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും  പ്രസ്താവനകളെ എതിര്‍ക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.

ഫ്രഞ്ച് ഓണ്‍ലൈന്‍ ജേര്‍ണലായ മീഡിയപാര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വാ ഒലാന്‍ഡ് (Francois Hollande) ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

മോദിയും ബിജെപിയും പറഞ്ഞിരുന്നത് ഫ്രഞ്ച് കമ്പിനിയായ ഡാസോ (Dassault) ഏവിയേഷന്‍ ആണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് എന്നാണ്. ഇക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് ഒലാന്‍ഡ് വിശദീകരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് റഫേല്‍ വിമാനങ്ങള്‍ ഉണ്ടാക്കുന്ന ഡാസോ അനില്‍ അംബാനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാങ്‌സ്വാ ഒലാന്‍ഡിന്റെ പാട്‌നറും ഫ്രഞ്ച് നടിയും നിര്‍മ്മാതാവും ആയ ഷുലി ഗയേയുടെ (Julie Gayet)യുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പിനിയായ റോഗ് ഇന്റര്‍നാഷണലും അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റും സംയുക്തമായി ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഉണ്ടാക്കിയ കരാറിന് റഫേല്‍ ഇടപാടുമായി കൂട്ടിച്ചേര്‍ത്ത് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. പാട്‌നറായ ഷുലി ഗയേയുടെ താത്പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടില്‍ സ്ഥാനം ലഭിക്കുന്നതിനായി ഫ്രാങ്‌സ്വാ ഒലാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയത് എന്നതായിരുന്നു ആ പ്രചരണം. എന്നാല്‍ വ്യക്തമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടുമായി ബന്ധപ്പെടുത്തുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് കൊണ്ടാണ് ഗൗതം നവ്‌ലാഖെ എന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ഈയിടെ അര്‍ബന്‍ മാവോയിസ്റ്റ് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിനെ യുദ്ധകുറ്റവാളികളായി പ്രതിരോധ മന്ത്രി ചിത്രീകരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here