Advertisement

അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

September 23, 2018
Google News 0 minutes Read
abhilash tomy

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളിയായ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന. നടുവിനു സാരമായി പരിക്കേറ്റ അഭിലാഷ് ടോമിക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ല. ഇക്കാര്യമറിയിച്ച് അഭിലാഷ് സാറ്റ്‌ലൈറ്റ് സന്ദേശമയച്ചു. അഭിലാഷിന്റെ ബോട്ടിനടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്രഞ്ച് ഫിഷറീസ് കപ്പല്‍ തിങ്കളാഴ്ചയേ അവിടെയെത്തൂ. ഇന്ത്യയുടെയും ഓസ്‌ട്രേലിയുടെയും സൈനിക വിമാനങ്ങള്‍ അഭിലാഷിന്റെ യാട്ടിനുമേലെ പറന്നെങ്കിലും അഭിലാഷുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.

പരിക്കേറ്റ അഭിലാഷ് യാട്ടിനുള്ളില്‍ കിടപ്പിലാണെന്ന് ഓസ്‌ട്രേലിയന്‍ മാരിടൈം അഥോറിറ്റി വക്താവ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അഭിലാഷിന്റെ തുരിയ എന്ന പായ് വഞ്ചി പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുന്നുവെന്നാണ് എയര്‍ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തില്‍ നിന്ന് മനസിലാവുന്നത്. അഞ്ച് കിലോമീറ്റര്‍ താഴ്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്. മോശം കാലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശം. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. ഓസ്‌ട്രേലിയന്‍ നേവിയുടെയും ഇന്ത്യന്‍ നേവിയുടെയും സംയുക്താഭിമുഖ്യത്തിലാണ് രക്ഷാപ്രവര്‍ത്തനം.

പായ് വഞ്ചിക്കു തകരാറുണ്ടെന്നും തനിക്കു സാരമായി പരിക്കേറ്റുവെന്നും അഭിലാഷ് ടോമി ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് സന്ദേശം നല്‍കിയിരുന്നു. പായ് വഞ്ചിയുടെ തൂണ്‍ (പായ്മരം) തകര്‍ന്നെന്നും നടുവിനു സാരമായി പരിക്കേറ്റെന്നും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറയുന്നു. കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈലും ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈലും അകലെയാണ് നിലവില്‍ അഭിലാഷ് ടോമി എന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here