സിസ്റ്റർ ലൂസിയ്ക്ക് എതിരായ വിലക്ക് പിൻവലിച്ചു

കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍,ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ ഇടവക വിലക്കിയത്. കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സിസ്റ്ററിനെ പിന്തുണച്ച് എത്തുകയും, ജന പിന്തുണ സംഘര്‍ഷത്തില്‍ എത്തിയതിനും പിന്നാലെയാണ് നടപടി പിന്‍വലിച്ചത്.
വൈകിട്ട് അഞ്ചുമണിയോട് കൂടി വിശ്വാസികള്‍ കൂട്ടമായി പള്ളിയിലേക്ക് എത്തുകയായിരുന്നു. ഇടവക വികാരി സ്റ്റീഫനോട് സിസ്റ്ററിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണം എന്ന് വിശ്വാസി സമൂഹം ആവശ്യപ്പെട്ടു. ഇത് സംഘർഷത്തിന് വഴി വയ്ക്കുകയായിരുന്നു.
പള്ളിയിൽ നിന്ന് വിലക്ക് വന്നതിന് പിന്നാലെ സിസ്റ്ററിന് പരിപൂർണ്ണ പിന്തുണയുമായി വീട്ടുകാരും വിശ്വാസികളും എത്തിയിരുന്നു. വിലക്ക് പിൻവലിച്ചെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ ഇടവക സമൂഹത്തോട് സിസ്റ്റർ നന്ദി അറിയിച്ചു. സഭയിലെ കൊള്ളരുതായ്മക്കെതിരെ ഇനിയും പോരാടുമെന്നും ഒരു തരത്തിലുള്ള വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സിസ്റ്റര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here