ഒരു വർഷത്തിനിടെ അഞ്ചു ടീമിന്റെ ക്യാപ്റ്റൻമാരെ വാതുവെപ്പുകാർ സമീപിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി

കഴിഞ്ഞ ഒരുവർഷത്തിനിടെ അഞ്ച് ടീമിന്റെ ക്യാപ്റ്റൻമാരെ വാതുവെപ്പുകാർ സമീപിച്ചുവെന്ന് ഐസിസി.
ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറൽ മാനേജർ അലെക്‌സ് മാർഷലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഏതെല്ലാം രാജ്യങ്ങളുടെ ക്യാപ്റ്റൻമാരേയാണ് സമീപിച്ചതെന്ന് വെളിപ്പെടുത്താനാകില്ലെന്നും അലെക്‌സ് മാർഷൽ വ്യക്തമാക്കി. വാതുവയ്പുകാരെന്ന് സംശയിക്കുന്ന ചിലർ തങ്ങളെ സമീപിച്ചതായി അഞ്ചു ക്യാപ്റ്റൻമാർ ഐസിസിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിൽ നാലു പേരും സമ്പൂർണ അംഗത്വമുള്ള ടീമുകളുടെ നായകൻമാരാണ് മാർഷൽ പറഞ്ഞു. യു.എ.ഇയിൽ പുരോഗമിക്കുന്ന ഏഷ്യ കപ്പിനിടെ അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് ഷഹ്‌സാദിനേയും വാതുവെപ്പുകാർ സമീപിച്ചിരുന്നതായി അലെക്‌സ് പറയുന്നു.
ഒക്ടോബറിൽ ഷാർജയിൽ നടക്കുന്ന അഫ്ഗാനിസ്താൻ പ്രീമിയർ ടി ട്വന്റി ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ച്ചവെക്കണമെന്നാണ് ഷഹ്‌സാദിനോട് വാതുവെപ്പുകാർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് ഷെഹ്‌സാദിനെ സംശയാസ്പദമായ രീതിയിൽ ചിലർ സമീപിച്ചത്.
ടീം ഹോട്ടലിൽ വെച്ചായിരുന്നു ഇത്. തുടർന്ന് അഫ്ഗാനിസ്താൻ ടീം മാനേജ്‌മെന്റ് ഐ.സി.സിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. വാതുവെപ്പുകാരിൽ അധികപേരും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. അതിനർത്ഥം അവർ ഇന്ത്യക്കുള്ളിലാണ് പ്രവർത്തിക്കുന്നത് എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here