വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; നിരാശാജനകമെന്ന് തന്ത്രി

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് ബാധ്യസ്ഥമാണെന്നും എ. പദ്മകുമാര്‍ വ്യക്തമാക്കി.
സ്ത്രീകളെ ദൈവമായ കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷങ്ങളായി നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്കാണ് പരമോന്നത നീതിപീഠം തിര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്. കോടതിയില്‍ നിലപാട് അറിയിക്കാന്‍ പറഞ്ഞപ്പോള്‍ ആരാധന അനുഷ്ഠാനങ്ങള്‍ അതേപടി തുടരണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. എന്നാല്‍, ഏതെങ്കിലും വിഭാഗത്തിലുള്ള സ്ത്രീകളെ ആരാധനാലയത്തില്‍ മാറ്റി നിര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് സുപ്രീം കോടതിയുടെ വിധി. ഈ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എ. പദ്മകുമാര്‍ പറഞ്ഞു. വിധി പകര്‍പ്പ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിധി പകര്‍പ്പില്‍ പറയുന്ന കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യും. കോടതി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദേവസ്വം ബോര്‍ഡ്. അതിനാല്‍ ഈ വിധിയെ അംഗീകരിക്കുന്നു, ഗൗരവത്തോടെ കാണുന്നു. സര്‍ക്കാറുമായി ആലോചിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിധി നിരാശാജനകമാണെന്ന് ശബരിമല തന്ത്രി പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here