‘ചരിത്രവിധികളും വിവാദങ്ങളും’; ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ദീപക് മിശ്ര പടിയിറങ്ങുന്നു

പരമോന്നത നീതിപീഠത്തിന്റെ അമരക്കാരനായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് കൈമാറി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ദീപക് മിശ്രയുടെ അവസാന ദിനമാണ് ഇന്ന്. ഒക്ടോബര്‍ മൂന്നിന് പുതിയ ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗോഗോയി സ്ഥാനമേല്‍ക്കും. സുപ്രീം കോടതിയുടെ 45-ാം ചീഫ് ജസ്റ്റിസായി ഒരു വര്‍ഷവും ഒരു മാസവുമാണ് ദീപക് മിശ്ര സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചത്. സംഭവ ബഹുലമായ കാലയളവായിരുന്നു അത്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വാചകം ഇപ്രകാരമാണ്; ‘ഇന്ന് സുപ്രീം കോടതി ഇല്ലാത്തതുകൊണ്ട് ഒരു രസോല്യാ…’ അത്രമേല്‍ സുപ്രധാന വിധികളായിരുന്നു സുപ്രീം കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ദിവസങ്ങള്‍. ചരിത്രവിധികള്‍ക്കൊപ്പം സുപ്രീം കോടതിയുടെ ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം വിവാദങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലയളവ് സാക്ഷ്യം വഹിച്ചു. സീനിയര്‍ ജഡ്ജിമാരടക്കം ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്നതും ഈ കാലയളവിലാണ്. തനിക്കെതിരെ രംഗത്ത് വന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ തന്നെ പിന്‍തലമുറക്കാരനായി നാമനിര്‍ദേശം ചെയ്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുമ്പോള്‍ സംഭവബഹുലമായ കാലയളവ് വാര്‍ത്തകളില്‍ നിറയുകയാണ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും വിവാദങ്ങളുടെ പരമ്പരയും: സ്വയം ആരോപണം നേരിട്ട മെഡിക്കല്‍ കോഴ വിവാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഔദ്യോഗിക ജീവിതത്തില്‍ വലിയ കറയായിരുന്നു. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് അഴിമതി ആരോപിതനാണെന്ന് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ലഖ്‌നൗ ആസ്ഥാനമായ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മെഡിക്കല്‍ കോളേജിന് പ്രവേശനാനുമതി നല്‍കുന്നതിനായി സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള അഴിമതി ആരോപണം കോടതിയില്‍ പരാമര്‍ശിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണം നിലനില്‍ക്കുന്ന മെഡിക്കല്‍ കോളജ് കോഴക്കേസില്‍, രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അസാധുവാക്കിക്കൊണ്ടുള്ള വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടാത്ത അഞ്ചംഗ ഭരണഘടനാ ബഞ്ചിന് മെഡിക്കല്‍ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നത് തീരുമാനിക്കാനുള്ള ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ട ജസ്റ്റിസ് ചെലമേശ്വറിന്റെ വിധിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കിയത്.
കേസ് വിഭജിച്ച് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള അതൃപ്തി പരസ്യമാക്കി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ദേഹത്തിന് താല്‍പര്യമുള്ള കേസുകള്‍ തന്റെ ഇഷ്ടക്കാരായ ജഡ്ജിമാരുടെ ബഞ്ചിലേക്ക് വിടുന്നുവെന്നായിരുന്നു സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ചത്. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് ജനുവരി 12 ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വിഭജനത്തില്‍ അതൃപ്തി അറിയിച്ച് മാധ്യമങ്ങളെ കണ്ടത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു അത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സംശയത്തിന്റെ നിഴലില്‍ നിന്ന ദിവസങ്ങള്‍.
ചീഫ് ജസ്റ്റിസാണ് സുപ്രീം കോടതിയുടെ ‘പരമാധികാരി’ എന്ന് പരസ്യമായി പറഞ്ഞതും ദീപക് മിശ്രയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ബാക്കിപത്രമാണ്. കേസുകള്‍ കേള്‍ക്കുന്നതിന് സുതാര്യമായ ഒരു റോസ്റ്റര്‍ സംവിധാനം വേണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ റോസ്റ്റര്‍ വ്യവസ്ഥ പ്രകാരം പ്രധാനപ്പെട്ട വിഷയങ്ങള്‍ ഒട്ടുമിക്കതും ചീഫ് ജസ്റ്റിസിന്റെ പരിധിയില്‍ കൊണ്ടുവരികയാണ് ചെയ്തത്. ഇതും പിന്നീട് വലിയ ചര്‍ച്ചയായി. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ തേടിയെത്തിയത്.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതില്‍ കാലതാമസം വന്നപ്പോഴും അത് ചീഫ് ജസ്റ്റിലേക്ക് വിരല്‍ചൂണ്ടി. സീനിയോറിറ്റി സംബന്ധിച്ച വിവാദത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയും വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് കേട്ടിരുന്ന പ്രത്യേക സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയ മരിച്ചതുമായി ബന്ധപ്പെട്ട കേസും വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റാരോപിതനായ കേസായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ കേസ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടയിലാണ് ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹാഹചര്യത്തില്‍ മരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി വിവാദങ്ങളുണ്ടായിരുന്നു. ലോയ കേസ് ജൂനിയറായ ജഡ്ജിമാര്‍ക്ക് നല്‍കിയത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ വിവാദങ്ങളെ ചൂടുപിടിപ്പിച്ചു.
ഒടുവില്‍, ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് ശ്രമങ്ങള്‍ പോലും നടന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ രംഗത്തെത്തി. എന്നാല്‍, ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളുകയായിരുന്നു. വിവാദങ്ങളുടെ വലിയ പരമ്പരയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലയളവില്‍ അരങ്ങേറിയത്.
ചരിത്രമെഴുതിയ സുപ്രധാന വിധികള്‍:
മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ഭീകരന്‍ യാക്കൂബ് മേമന്റെ വധശിക്ഷ തടയണമെന്ന ഹര്‍ജിയില്‍ 2015 ജൂലായ് 30 ന് പുലര്‍ച്ചെയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വാദം കേട്ടത്. പുലര്‍ച്ചെ 3.20 മുതല്‍ 4.50 വരെയായിരുന്നു വാദം കേട്ടത്. അന്ന് ദീപക് മിശ്ര ജഡ്ജിയായിരുന്നു. വധശിക്ഷ സ്റ്റേ ചെയ്യണമെന്നും മരണ വാറണ്ട് തള്ളണമെന്നും ആവശ്യപ്പെട്ട് മേമന്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബെഞ്ച് തള്ളി. ഹര്‍ജി തള്ളി മണിക്കൂറുകള്‍ക്കകം മേമനെ തൂക്കിലേറ്റി.
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചായിരുന്നു. കോടതിയില്‍ സന്നിഹിതരായിരുന്ന നിര്‍ഭയയുടെ മാതാപിതാക്കള്‍ ആ വിധിയെ കയ്യടിയോടെയാണ് സ്വീകരിച്ചത്. നിര്‍ഭയ കേസിലെ വിധി രാജ്യത്തിന്റെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം നേടി.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചു. മെയ് 16 നായിരുന്നു സംഭവം. കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് പുലര്‍ച്ചെ തന്നെ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ 2 ന് അസാധാരണ നടപടികളിലൂടെ സുപ്രീം കോടതി വാദം കേട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ മൂന്നംഗ ബഞ്ചിന് നിര്‍ദേശം നല്‍കിയത്. ഹര്‍ജി പരിഗണിച്ച ബഞ്ച് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്ക് സ്റ്റേ അനുവദിച്ചില്ല. പകരം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. അതിന് സാധിക്കാതെ യെദ്യൂരപ്പ രാജിവെക്കുകയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരമേറ്റു.
പ്രായപൂര്‍ത്തിയായവര്‍ പരസ്പരം സമ്മതത്തോടെ വിവാഹം ചെയ്താല്‍ അത് റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് (പ്രാദേശിക നാട്ടുകൂട്ടം) അധികാരമില്ലെന്ന നിര്‍ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചതും ദീപക് മിശ്രയുടെ കാലയളവിലായിരുന്നു. മിശ്ര വിവാഹങ്ങള്‍ റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിക്കുകയായിരുന്നു.
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മാര്‍ഗനിര്‍ദേശം നല്‍കിയതും ദീപക് മിശ്രയുടെ കാലയളവിലായിരുന്നു.
ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് പടിയിറങ്ങാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വളരെ സുപ്രധാനമായ വിധികളാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സ്വവര്‍ഗ രതി നിയമവിധേയമാക്കിയ വിധി ഏറെ ചര്‍ച്ചയായിരുന്നു. ഉഭയ സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം നിയമവിധേയമാക്കുകയും ഐപിസി 377 ഭാഗികമായി റദ്ദാക്കുകയും ചെയ്ത് സുപ്രധാന വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ്.
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച് ഐ.പി.സി 497 റദ്ദാക്കിയതും ആധാര്‍ കാര്‍ഡിന് ഉപാധികളോടെ അംഗീകാരം നല്‍കിയതും ഈ കാലയളവിലാണ്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി ചരിത്രവിധിയായിരുന്നു. വിപ്ലവകരമായ വിധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.
സുപ്രീം കോടതി നടപടികള്‍ തത്സമയ സംപ്രേക്ഷണം നടത്തണമെന്ന വിധിയും ശ്രദ്ധേയമായിരുന്നു.
രാജ്യം ചര്‍ച്ച ചെയ്ത വിവാദങ്ങള്‍ക്കും വിധികള്‍ക്കും ശേഷമാണ് ഒഡീഷ സ്വദേശിയായ 65 – കാരന്‍ ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. 2011 ലാണ് ദീപക് മിശ്ര സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. 2017 ആഗസ്റ്റില്‍ സുപ്രീം കോടതിയിലെ 45-ാം ചീഫ് ജസ്റ്റിസായി ദീപക് മിശ്ര നിയമിതനാകുകയായിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്തുള്ള അവസാന ദിനമായ ഇന്ന് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജിയാണ് അദ്ദേഹം അവസാനമായി വിധി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here