സൗദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്; ആശങ്കയോടെ വിദേശികള്‍

ജിദ്ദ: സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി അറുപത്തിയെട്ടു പദ്ധതികളാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുപ്രകാരം വിദേശികള്‍ കൂടുതലുള്ള റസ്റ്റോറന്റ്, കോഫി ഷോപ്പ്, കോണ്‍ട്രാക്റ്റിംഗ്, വാര്‍ത്താ വിനിമയം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കും. മൂന്നു മാസത്തിനകം ഇതുസംബന്ധമായി വിശദമായ രൂപരേഖ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു പുറമേ മലയാളികള്‍ കൂടുതലും ജോലി ചെയ്യുന്ന പന്ത്രണ്ട് മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പതിനൊന്നാം തിയതി ഇതിന്‍റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നു. മുപ്പതോളം ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പദ്ധതിയുടെ പരിധിയില്‍പ്പെടും. വാഹന ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഫര്‍ണീച്ചര്‍ കടകള്‍, പാത്രക്കടകള്‍ എന്നിവയിലാണ് സെപ്റ്റംബര്‍ പതിനൊന്നിനു പദ്ധതി പ്രാബല്യത്തില്‍ വന്നത്. വാച്ച്, കണ്ണട, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ നവംബര്‍ ഒമ്പതിന് നിയമം പ്രാബല്യത്തില്‍ വരും. മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹന സ്പെയര്‍ പാര്‍ട്സുകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പ്പെറ്റ്, പലഹാരം തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ അടുത്ത ജനുവരി ഏഴു മുതലാണ് നിയമം ബാധകമാകുക.
ഈ മേഖലകളില്‍ നൂറു ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന പദ്ധതി. വിവിധ കോണുകളില്‍ നിന്നുള്ള പരാതികളെ തുടര്‍ന്ന് പന്ത്രണ്ട് മേഖലകളിലും ഇളവ് പ്രഖ്യാപിച്ചു. നൂറു ശതമാനം സൗദിവല്‍ക്കരണത്തിനു പകരം ഈ മേഖലകളില്‍ എഴുപത് ശതമാനം സൌദികളെ ജോലിക്ക് വെച്ചാല്‍ മതിയാകും. നിബന്ധനകള്‍ക്ക് വിധേയമായി ചില മേഖലകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കി. ക്ലീനിംഗ്, ലോഡിംഗ്, മെക്കാനിക്ക്, ടെക്നിഷ്യന്‍, കടകളിലെ മാനേജര്‍ എന്നീ മേഖലകളില്‍ വിദേശികളെ ജോലിക്ക് വെക്കാം. കടകളിലെ മാനേജര്‍ തസ്തികയില്‍ ഒരു വിദേശിക്ക് പരമാവധി രണ്ട് വര്‍ഷം മാത്രമേ ജോലി ചെയ്യാന്‍ അനുമതി ലഭിക്കൂ. സെപ്റ്റംബര്‍ പതിനൊന്നു മുതലാണ് ഈ മേഖലകളില്‍ സൗദിവല്‍ക്കരണം ആരംഭിക്കുന്നത്.
നിയമലംഘകര്‍ക്കായി ശക്തമായ പരിശോധനയാണ് രാജ്യത്ത് നടക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗം സ്ഥാപനങ്ങളെയും പുതിയ പദ്ധതി പ്രതികൂലമായി ബാധിക്കും. നിരവധി വിദേശികള്‍ സൗദിയില്‍ നിന്ന് മടങ്ങി. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി. പുതിയ ലെവിയും ജീവിതചെലവ് വര്‍ധിച്ചതും കാരണം ലക്ഷക്കണക്കിന് വിദേശികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇതും സൗദിയിലെ ഏതാണ്ട് എല്ലാ വ്യാപാര മേഖലകളെയും ബാധിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലേക്ക് അനുവദിച്ച വിദേശ തൊഴില്‍ വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം അമ്പത് ശതമാനം കുറഞ്ഞതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. 7,19,000 തൊഴില്‍ വിസകള്‍ ആണ് സ്വകാര്യ മേഖലയ്ക്ക് 2017-ല്‍ അനുവദിച്ചത്. 2016-ല്‍ ഇത് പതിനാല് ലക്ഷത്തിലധികമായിരുന്നു. 2015-ല്‍ ഇരുപത് ലക്ഷവും 2014-ല്‍ പതിനാറ് ലക്ഷവും വിസകള്‍ അനുവദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here