ബ്രൂവറി വിവാദം; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

ബ്രൂവറി വിവാദത്തിലൂടെ സര്‍ക്കാറിനെതിരെ ജനവികാരം ഇളക്കിവിടുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറയുന്ന മദ്യ നയമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ എട്ട് ശതമാനം മദ്യവും 40 ശതമാനം ബിയറും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വരുന്നത്. പുതിയ ഡിസ്റ്റിലറിയും ബ്രൂവറിയും സംസ്ഥാനത്ത് അനുവദിക്കുന്നതിലൂടെ പുറത്ത് നിന്ന് വരുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉല്‍പ്പാദന ശാലകളില്‍ മദ്യം ചില്ലറയായി വില്‍ക്കില്ല. അത് ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യാനുസരണം നല്‍കുകയാണ് ചെയ്യുക. പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും മദ്യത്തിന്റെ ഒഴുക്ക് കൂട്ടുമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണ്. പുറത്ത് നിന്ന് വരുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുക മാത്രമാണ് ഇതുവഴി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പുതിയ ബ്രൂവറികള്‍ അനുവദിക്കുന്നതിലൂടെ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും നികുതിയുടെ അളവില്‍ വര്‍ധനയുണ്ടാകുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്രൂവറി വിഷയം: വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി [3.10.18 ] (പൂര്‍ണ്ണരൂപം)
പ്രതിപക്ഷ നേതാവ് പല കാര്യങ്ങളിലും അടിസ്ഥാനരഹിതമായ സംശയങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതിയുടെ കാലത്ത് ഇത്തരത്തിലുള്ള പല സംശയങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും വസ്തുതകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായത്. ഇപ്പോള്‍ ബ്രൂവറികളും മറ്റും അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളും ഇതിന് സമാനം തന്നെയാണെന്ന് വ്യക്തമാണ്.
ഇടതുപക്ഷ മുന്നണിയുടെ നയത്തിന് വിരുദ്ധമോ?
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയത്തിന് വിരുദ്ധമായി ഇവ അനുവദിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. പ്രകടനപത്രികയില്‍ പറഞ്ഞത് എന്ത് എന്ന് അറിഞ്ഞാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവും. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മദ്യ നയത്തെ സംബന്ധിച്ച് വിശദീകരിച്ചിട്ടുള്ളത്, 552-ാമത്തെ ഖണ്ഡികയിലാണ്. അത് ഇങ്ങനെയാണ്-
‘മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാന്‍ സഹായകമായ നടപടിയായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്‍റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ-അഡിക്ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.’
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടപത്രികയില്‍ പറയുന്ന തരത്തിലുള്ള നടപടികളുമായി തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഇപ്പോള്‍ മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്‍റിംഗ്, കോമ്പൗണ്ടിംഗ് ആന്‍റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ക്കുമാണ് തത്വത്തില്‍ അനുമതി നല്‍കിയത്. പൊതുസംവിധാനത്തിനകത്തുള്ള രണ്ട് യൂണിറ്റുകള്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനുമതിയുമാണ് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും ഒരു വിതരണവും നടക്കുന്നില്ല എന്നത് ആര്‍ക്കും മനസ്സിലാക്കാനാവുന്നതാണ്. അതുകൊണ്ട് തന്നെ മദ്യമൊഴുക്കുക എന്ന പ്രശ്നം ഇതിനകത്ത് ഉത്ഭവിക്കുന്നേയില്ല.
ഇവ അനുവദിക്കുമ്പോഴുണ്ടാകുന്ന മാറ്റമെന്താണ്? ഇവിടെ ഉത്പാദിപ്പിക്കുന്ന മദ്യം സ്വാഭാവികമായും ബിവറേജ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുക. അവര്‍ വിതരണം ചെയ്യുന്നതിനനുസരിച്ച് സ്റ്റോക്കെടുക്കുകയാണ് ഉണ്ടാവുക. ഇപ്പോഴത്തെ നിലയനുസരിച്ച് മദ്യത്തിന്‍റെ 8 ശതമാനവും ബീയറിന്‍റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കോര്‍പ്പറേഷന് ലഭ്യമാകുന്നത്. പുതുതായി ഇവിടെ ഉത്പാദനം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസമെന്താണ്? പുറത്തുനിന്ന് വരുന്ന 8 ശതമാനത്തിന്‍റെ സ്ഥാനത്ത് അതിന് കുറവ് വരികയും ഇവിടെ ഉത്പാദിപ്പിക്കുന്നത് അതിന് പകരം സ്ഥാനം പിടിക്കുകയും ചെയ്യും. ഫലത്തില്‍ അന്യ സംസ്ഥാന ലോബികള്‍ക്ക് നഷ്ടമുണ്ടാകുകയാണ് ചെയ്യുന്നത്. ഇങ്ങനെ അന്യ സംസ്ഥാനത്തുനിന്നുള്ള മദ്യമൊഴുക്ക് കുറയ്ക്കുന്നതിന് താന്‍ അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം എനിക്ക് കത്ത് തന്നിട്ടുമുണ്ട്. അപ്പോള്‍ സര്‍ക്കാരിന്‍റെ നിലപാട് എങ്ങനെയാണ് തെറ്റായിത്തീരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കേണ്ടതുണ്ട്.
ഇതുകൊണ്ടുണ്ടാവുന്ന വ്യത്യാസം
പ്രതിപക്ഷ നേതാവ് ഉദ്ധരിക്കാത്ത ഒരുപിടി നേട്ടം കൂടി ഈ നടപടിയുടെ ഭാഗമായി ഉണ്ടാവുന്നുണ്ട്. അതായത് സംസ്ഥാനത്ത് പുതുതായി നൂറുകണക്കിന് തൊഴിലവസരം ഉണ്ടാവും. മാത്രമല്ല, നികുതിയിനത്തില്‍ നമ്മുടെ വരുമാനത്തിലും വര്‍ദ്ധനവുണ്ടാകും. ഇങ്ങനെ തൊഴിലവസരവും ഖജനാവിലെ വരുമാനവും വര്‍ദ്ധിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് സംസ്ഥാനത്തിന് എതിരാണ് എന്ന് പ്രതിപക്ഷ നേതാവിനല്ലാതെ മറ്റാര്‍ക്കാണ് പറയാനാവുക?
മദ്യവര്‍ജ്ജന നടപടികള്‍
പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള രണ്ടാമത്ത ഭാഗം മദ്യവര്‍ജ്ജനത്തിനായി ഇന്നുള്ളതിനേക്കാള്‍ ശക്തമായ ഇടപെടല്‍ നടത്തും എന്നാണ്. ഈ ഇടപെടല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. അതിന്‍റെ അടിസ്ഥാനത്തില്‍ മദ്യവര്‍ജ്ജനബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിക്ക് രൂപം നല്‍കി കഴിഞ്ഞു. എല്ലാ ജില്ലകളിലും ഡീ-അഡിക്ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 14 ജില്ലകളില്‍ ഇപ്പോഴുള്ള ഡീ-അഡിക്ഷന്‍ വാര്‍ഡുകള്‍ മാതൃകാ ചികിത്സാ കേന്ദ്രമായി മാറ്റിയെടുടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഒരു മാതൃകാ ഡീ-അഡിക്ഷന്‍ സെന്‍റര്‍ ആരംഭിക്കാന്‍ കോഴിക്കോട് കിനാലൂരില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയുമാണ്.
ആരുമറിയാതെയാണോ ബ്രൂവറി അനുവദിച്ചത്?
എല്‍ഡിഎഫ് സര്‍ക്കാര്‍ പത്രപരസ്യം നല്‍കാതെയും പൊതുവായ അറിയിപ്പ് നല്‍കാതെയും ബ്രൂവറിയും കോമ്പൗണ്ടിംഗ്, ബ്ലെന്‍റിംഗ്, ബോട്ടിലിംഗ് യൂണിറ്റും അനുവദിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പറയുന്നത്.
ഇത്തരം യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നാളിതുവരെ എവിടെയും പത്രപരസ്യം നല്‍കുന്ന രീതി പൊതുവിലില്ല. പ്രത്യേക അപേക്ഷയും ക്ഷണിക്കാറില്ല. പകരം അതാത് കാലഘട്ടങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ തങ്ങളുടെ മുമ്പില്‍ വരുന്ന അപേക്ഷകള്‍ പരിശോധിച്ച് അവയ്ക്ക് അനുമതിയും തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചുപോരുന്നത്. പത്രപരസ്യം നല്‍കിയില്ല എന്നാണ് ആരോപണമെങ്കില്‍ മുന്‍കാല കോണ്‍ഗ്രസ്സ് നേതാക്കളുള്‍പ്പെടെ അതില്‍ പെടുമെന്ന കാര്യം പ്രതിപക്ഷ നേതാവ് ഓര്‍ക്കുന്നത് നന്ന്.
1999 ന് ശേഷം
സംസ്ഥാനത്ത് തുടര്‍ന്നുവന്ന ഈ രീതിക്ക് മാറ്റം ഉണ്ടായത് ഒരു ഘട്ടത്തിലാണ്. അത് 1999 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളം ഭരിക്കുന്ന ഘട്ടത്തിലാണ്. 1998 ല്‍ ഒരു ബ്രൂവറി യൂണിറ്റിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് അനുവദിച്ചത് പരസ്യമായി അപേക്ഷ ക്ഷണിച്ചുകൊണ്ടല്ല. ഇതിന് ലൈസന്‍സ് അനുവദിച്ചത് 2003 ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ്.
1998 ല്‍ ബ്രൂവറി യൂണിറ്റിന് അനുമതി നല്‍കി. തുടര്‍ന്ന് 1999 ല്‍ ഇത്തരം യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന് മുമ്പില്‍ നൂറിലധികം അപേക്ഷകള്‍ വന്നു. ഇത്രയേറെ അപേക്ഷകള്‍ വന്നപ്പോള്‍ അവ ശരിയായ രീതിയില്‍ പരിശോധിച്ച് അര്‍ഹത ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കുന്നതിനായി ഒരു ഉദ്യോഗസ്ഥതല കമ്മറ്റിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു.
ആ കമ്മറ്റിയുടെ കണ്‍വീനറായിരുന്നത് പ്രിന്‍സിപ്പള്‍ സെക്രട്ടറി ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റായിരുന്നു. എക്സൈസ് കമ്മീഷണര്‍, സെക്രട്ടറി ടൂറിസം, മാനേജിംഗ് ഡയറക്ടര്‍ കേരള സ്റ്റേറ്റ് ബിവറേജ് കോര്‍പ്പറേഷന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
ഈ കമ്മറ്റിയോട് സംസ്ഥാനത്തിന്‍റെ ആവശ്യത്തിനനുയോജ്യമായഎണ്ണം കോമ്പൗണ്ടിംഗ്, ബ്ലെന്‍റിംഗ് ആന്‍റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുന്നതിന് നിര്‍ദ്ദേശിച്ചു. മാത്രമല്ല, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് പെര്‍മിറ്റ് നല്‍കി കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുതകുന്ന തരത്തില്‍ ആവശ്യമുള്ള യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കാനും കമ്മറ്റിയോട് നിര്‍ദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലൈസന്‍സിനായുള്ള അപേക്ഷകള്‍ പരിശോധിച്ച് പരിഗണിക്കേണ്ടവയെ സംബന്ധിച്ച് പരിശോധന നടത്തി ചില ശിപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കമ്മറ്റിയുടെ ശിപാര്‍ശകള്‍ 24.09.1999 ല്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പരിശോധിച്ചു. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.
1. കമ്മറ്റി ശിപാര്‍ശ ചെയ്ത പ്രകാരം സര്‍ക്കാരിന് ലഭിച്ച ഡിസ്റ്റിലറി / കോമ്പൗണ്ടിംഗ് ബ്ലെന്‍റിംഗ് ആന്‍റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള എല്ലാ അപേക്ഷയും നിരസിക്കാമോ?
2. മന്നം ഷുഗര്‍മില്ലിന്‍റെ ഐഎംഎഫ്എല്‍ കോമ്പൗണ്ടിംഗ് ബ്ലെന്‍റിംഗ് ആന്‍റ് ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാമോ?
3. നിലവിലുള്ള ഡിസ്റ്റലറികളുടെ ശേഷി അവര്‍ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് വര്‍ദ്ധിപ്പിച്ചു നല്‍കാമോ?
എന്നീ കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന പ്രശ്നം മന്ത്രിസഭയുടെ മുമ്പാകെ വന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമാണ് ഒരു സര്‍ക്കാര്‍ ഉത്തരവായി 29.09.1999 പുറപ്പെടുവിച്ചത്. ആ സര്‍ക്കാര്‍ ഉത്തരവിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ താഴെക്കൊടുക്കുന്നവയാണ്.
1. ഡിസ്റ്റലറി, കോമ്പൗണ്ടിംഗ്, ബ്ലെന്‍റിംഗ് ആന്‍റ് ബോട്ടിലിംഗ് ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല.
2. മന്നം ഷുഗര്‍ മില്ല് നടത്തുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമര്‍പ്പിച്ച അപേക്ഷ മാത്രം പരിഗണിച്ചാല്‍ മതിയാകും.
3. നിലവിലുള്ള ഡിസ്റ്റലറികള്‍ അവയുടെ ശേഷി വര്‍ദ്ധിപ്പിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഇത് സംബന്ധിച്ച എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് അക്കാര്യം പരിഗണിക്കുന്നതാണെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം അന്നത്തെ അപേക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ തീരുമാനം ഉണ്ടായിട്ടുള്ളത് എന്നതാണ്. മാത്രമല്ല, ഒന്നും പുതുതായി അനുവദിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചിട്ടുമില്ല. മന്നം ഷുഗര്‍മില്ലിന്‍റെ അപേക്ഷ പരിഗണിച്ച് അത് അനുവദിക്കണമെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് നിലവിലുള്ള ഡിസ്റ്റലറികള്‍ക്ക് അതിനുള്ള അംഗീകാരം നല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതായത് 1999 ലെ ഉത്തരവ് സ്ഥാപനം തുറക്കരുത് എന്നല്ല, യുക്തമായവര്‍ക്ക് നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചത് എന്നര്‍ത്ഥം. ഇങ്ങനെ ഒരു സ്ഥാപനത്തിന് കോമ്പൗണ്ടിംഗ്, ബ്ലെന്‍റിംഗ് ആന്‍റ് ബോട്ടിലിംഗ് യൂണിറ്റ് തുടങ്ങാമെന്ന അനുമതി നല്‍കിയ ഉത്തരവിനെ എങ്ങനെയാണ് ഒരു സ്ഥാപനവും നല്‍കാന്‍ പറഞ്ഞില്ല എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. ആടിനെ പട്ടിയാക്കുകയല്ലാതെ മറ്റൊന്നുമല്ല തന്നെ.
ഇവിടെ വ്യക്തമാവുന്ന കാര്യം 1999 ലെ ഉത്തരവ് അന്നത്തെ അപേക്ഷകള്‍ക്ക് മാത്രം ബാധകമാവുന്നതാണ്. മാത്രമല്ല, ഒന്നും നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയ ഉത്തരവുമായിരുന്നില്ല അത് എന്നാണ്. മറ്റൊരു പ്രധാനപ്പെട്ടകാര്യം ബ്രൂവറികളെ സംബന്ധിച്ച് അതില്‍ പരാമര്‍ശിക്കുന്നില്ല എന്നതാണ്. അതായത് ബ്രൂവറി അനുവദിക്കുന്നതില്‍ ഒരു കാലത്തും ഇത്തരമൊരു പരിശോധനയുടെ സ്ഥിതി ഉണ്ടായിട്ടുമില്ല എന്നതാണ്. എന്നിട്ടും 1999 ലെ ഉത്തരവിനെ ബ്രൂവറിയുമായി ബന്ധിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കാനാവുമോ എന്ന ശ്രമത്തിന്‍റെ ഭാഗമാണ്.
1999 ന് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടില്ലേ?
1999 ലെ ഉത്തരവിന് ശേഷം ഒരു സ്ഥാപനത്തിനും ഇത് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല എന്ന വാദമാണ് ഉന്നയിക്കുന്നത്. എന്നാല്‍ 1998 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയത് 2003 ലെ ആന്‍റണി സര്‍ക്കാരാണ്. അതായത് 1999 ന് ശേഷം ഇത്തരത്തിലുള്ള സ്ഥാപനം തുറക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല എന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മറ്റൊരു വാദം സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ലൈസന്‍സ് തടയുന്നതിന് പിന്നീട് കഴിയില്ല എന്നതാണ്. ഇത് സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്, സര്‍ക്കാര്‍ അനുമതി നല്‍കിയാലും തുടര്‍ന്നുവന്ന സര്‍ക്കാരിന് ആ അനുമതി തന്നെ തിരുത്താം. പ്രതിപക്ഷ നേതാവ് പറയുന്ന ഇത്തരം സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന 1999 ലെ ഉത്തരവ് നിലവിലുണ്ടെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തില്‍യുഡിഎഫ് സര്‍ക്കാരിന് അവ റദ്ധാക്കാന്‍ കഴിയാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്യാതിരുന്നതിന് അക്കാലത്തെ മുഖ്യമന്ത്രിയായ ആന്‍റണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
ലൈസന്‍സ് നിഷേധിക്കാതിരുന്നത് എന്തുകൊണ്ട്
സര്‍ക്കാര്‍ അനുമതി നല്‍കിയാലും ശരിയായ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കാതിരിക്കാനുള്ള അവകാശവും ബന്ധപ്പെട്ട വകുപ്പുകള്‍ക്കുണ്ട്. ഇത് ചെയ്യാതിരുന്നത് നേരത്തേ പറഞ്ഞതുപോലെത്തന്നെ 1999 ലെ ഉത്തരവ് പിന്നീട് ഉള്ള ഒന്നിനും ബാധകമല്ല, എന്നതുകൊണ്ടുകൂടിയാണ്. വസ്തുതകള്‍ ഇതായിരിക്കെ പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്.
ബ്രൂവറിയും മറ്റും അനുവദിക്കുന്നതിനായി മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നില്ല എന്നാണ് ഉന്നയിക്കപ്പെട്ട മറ്റൊരു ആരോപണം. ഒരു വകുപ്പിന് കീഴില്‍ നിലവിലുള്ള നിയമപ്രകാരം സ്ഥാപനം അനുവദിക്കുമ്പോള്‍ അവ മന്ത്രിസഭയുടേത് എന്നല്ല, മുഖ്യമന്ത്രിയുടെ പോലും അനുമതി വേണ്ട എന്നതാണ് വസ്തുത. ബ്രുവറി റൂള്‍സ് 1967 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പറഞ്ഞ കാര്യങ്ങള്‍
സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ അനുമതി നല്‍കിയ പ്രദേശങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ എന്നത് ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുക എന്നതാണ് നിലവിലുള്ള രീതി. അത് പ്രകാരം അത്തരം പരിശോധനകള്‍ എല്ലായിടങ്ങളിലും നടക്കും. ആ പരിശോധനയില്‍ എന്തെങ്കിലും കാരണവശാല്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയാത്ത നിലയുണ്ടെങ്കില്‍ അവര്‍ക്ക് ലൈസന്‍സ് ലഭിക്കുകയുമില്ല. വസ്തുത ഇതാണെന്നിരിക്കെ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ ശരിയായ പരിശോധന നടത്തിയില്ല എന്ന വാദം നിലനില്‍ക്കുന്നതല്ല. അത് ഇനിയും നടത്തുന്നതും പറ്റുന്നില്ലെങ്കില്‍ അവയ്ക്ക് ലൈസന്‍സ് നല്‍കുകയുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വസ്തുതകള്‍ ജനങ്ങളില്‍ നിന്നും മറിച്ചുവെച്ച് പുകമറ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത് എന്ന് വ്യക്തം.
ആര്‍ക്കും അപേക്ഷിക്കാം
ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ആര് അപേക്ഷ നല്‍കിയാലും അവ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവും. ഇക്കാര്യത്തില്‍ ആര്‍ക്കും ഇനിയും അപേക്ഷ നല്‍കുന്നതിന് തര്‍ക്കമില്ല താനും.
1999 ലെ ഉത്തരവിന്‍റെ പരാമര്‍ശം
ഇപ്പോള്‍ ബ്രൂവറികളും കോമ്പൗണ്ടിംഗ്, ബ്ലെന്‍റിംഗ് ആന്‍റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ അനുവദിക്കുന്നതിലുള്ള ഉത്തരവുകളില്‍ 1999 ലെ ഉത്തരവിനെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. ഇത്തരമൊരു പരാമര്‍ശം ആ ഉത്തരവുകളില്‍ നടത്തിയത് നേരത്തേ ഇറക്കിയ പല ഉത്തരവുകളിലും 1999 ലെ ഉത്തരവിനെ തെറ്റായി വ്യഖ്യാനിച്ചുവെന്നത് കൊണ്ടാണ്. 1999 ലെ ഉത്തരവ് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഉത്തരവ് ഇറക്കിയിട്ടുള്ളത് എന്ന് സൂചിപ്പിക്കാനാണ്
കേരളത്തില്‍ വിതരണം ചെയ്യുന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് പെര്‍മിറ്റ് നല്‍കി കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒഴിവാക്കി ക്കൊണ്ടുവരുന്നതിന് ഉതകുന്നതരത്തില്‍ ആവശ്യമുള്ള യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കാന്‍ 1999 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ പരിശോധനാ കമ്മറ്റിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ പരിശോധിക്കുമ്പോള്‍ 8 ശതമാനം വിദേശ മദ്യം പുറത്ത് നിന്ന് കൊണ്ടുവരുന്ന സ്ഥിതിയുണ്ട്. ബിയറിന്‍റെ കാര്യത്തില്‍ 40 ശതമാനത്തിന്‍റെ കുറവുമുണ്ട്. ഇത് പരിഹരിക്കുന്നവിധം ഇടപെട്ട് മുന്നോട്ടപോകുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അതാവട്ടെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here