ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍കെട്ടിടം ഒഴിയണം; കാരണം അധികൃതരുടെ അനാസ്ഥ

ജിദ്ദ: ജിദ്ദയിലെ കമ്മ്യൂണിറ്റി സ്‌കൂളായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ പഠിക്കുന്ന കെട്ടിടം ഒഴിയാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. വാടക കരാറുമായി ബന്ധപ്പെട്ട് കെട്ടിടമുടമ നല്‍കിയ കേസില്‍ കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബര്‍ ഒമ്പതിന് മുമ്പ് ജിദ്ദയിലെ ഹയല്‍ രിഹാബില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ കെട്ടിടം ഒഴിയണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
നിര്‍ബന്ധിത സാഹചര്യത്തില്‍ സ്‌കൂള്‍കെട്ടിടം ഒഴിയുകയാണെന്നും ജിദ്ദയിലെ അസീസിയയിലുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലായിരിക്കും ആണ്‍കുട്ടികള്‍ക്കുള്ള പരീക്ഷകള്‍ എന്നും രക്ഷിതാക്കള്‍ക്കയച്ച സര്‍ക്കുലറില്‍ സ്‌കൂള്‍ ആക്ടിംഗ് പ്രിന്‍സിപ്പാള്‍ പറയുന്നു. ഞായറാഴ്ച മുതല്‍ ആണ്‍കുട്ടികളുടെ പരീക്ഷ ഗേള്‍സ് വിഭാഗത്തിലായിരിക്കും നടക്കുക. രാവിലെ 7:15 മുതല്‍ 10:45 വരെ പെണ്‍കുട്ടികള്‍ക്കും ഉച്ചയ്ക്ക് ഒന്നര മുതല്‍ അഞ്ച് വരെ ആണ്‍കുട്ടികള്‍ക്കും പരീക്ഷ നടക്കും. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ ഫസ്റ്റ് ടേം പരീക്ഷയും, ആറു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷയുമാണ് നടക്കുന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ക്ക് ഈ മാസം പതിനൊന്ന് വരെ അവധി നല്‍കിയിട്ടുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇനിയുള്ള ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളായി ഗേള്‍സ് വിഭാഗത്തില്‍ നടക്കും.
സ്‌കൂള്‍ അധികൃതരുടേയും ഇന്ത്യന്‍ എംബസിയുടെയും അനാസ്ഥയാണ് പന്ത്രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളിനെ ഈ ഗതിയില്‍ എത്തിച്ചതെന്നാണ് ഉയരുന്ന ആരോപണം. കെട്ടിടമുടമ സ്‌കൂള്‍ മറ്റൊരാള്‍ക്ക് കൈമാറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഉടമയുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂളില്‍ മാനേജിംഗ് കമ്മിറ്റിയോ, പ്രിന്‍സിപ്പാളോ നിലവിലില്ല. ഒരു സുപ്രഭാതത്തില്‍ രണ്ടും പിരിച്ചു വിടപ്പെട്ടു. ഇതോടെ കെട്ടിടമുടമയുമായുള്ള ചര്‍ച്ചകള്‍ക്ക് കാലതാമസമുണ്ടായി.
കേസിന്റെ നാള്‍വഴികള്‍:
1994ല്‍ ആണ് ജിദ്ദയിലെ ഇന്ത്യക്കാര്‍ മുന്‍കയ്യെടുത്തു ഹയരിഹാബില്‍ ഇന്ത്യന്‍ സ്‌കൂളിനുള്ള ഭൂമി വാങ്ങി കെട്ടിടം പണിയുന്നത്. ഭൂമിയും കെട്ടിടവും മഹമൂദ് അല്‍ മൈമനി എന്ന ഇന്ത്യന്‍ വംശജനായ സ്വദേശിയുടെ പേരിലെഴുതി. 49 വര്‍ഷത്തേക്ക് സ്‌കൂള്‍ കെട്ടിടം മൈമനിയില്‍ നിന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീസിന് എടുത്തു. 31,346,000 റിയാല്‍ ആയിരുന്നു കെട്ടിട വാടക നിശ്ചയിച്ചത്. ഇരുപത് വര്‍ഷം വരെ ഓരോ വര്‍ഷവും 9,50,000 റിയാലും, പത്ത് വര്‍ഷം വര്‍ഷത്തില്‍ 1,215,600 റിയാലും, അവസാനത്തെ പത്തൊമ്പത് വര്‍ഷം വര്‍ഷത്തില്‍ 10,000 റിയാല്‍ വീതവും നല്‍കാനായിരുന്നു കരാര്‍. നാല്‍പ്പത്തിയൊമ്പത് വര്‍ഷത്തേക്കുള്ള വാടക മുഴുവനും ഇതിനകം സ്‌കൂള്‍ അടച്ചു തീര്‍ത്തു. ഇതിനു പുറമേ ഭൂമിയുടെ വിലയായി 4,240,000 റിയാലും മൈമനിക്ക് നല്‍കി.
അതിനിടെ 1999ല്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയും കെട്ടിടമുടമയായ മൈമനിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ഇതുസംബന്ധമായി മാനേജിംഗ് കമ്മിറ്റി നല്‍കിയ കേസില്‍ മൈമനിക്ക് അനുകൂലമായ വിധി വന്നു. 2002ല്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയും മൈമനിയും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കി. ഇതുപ്രകാരം 1994 മുതല്‍ 49 വര്‍ഷത്തേക്കുള്ള വാടക ലഭിച്ചതായി മൈമനി എഴുതി ഒപ്പിട്ടു. ഭാവിയില്‍ താനോ അന്തരാവകാശികളോ സ്‌കൂള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയോ, വാടകയ്ക്ക് നല്‍കുകയോ ചെയ്യില്ലെന്നും കരാറില്‍ പറയുന്നു. ഈ കരാറിന്റെ രേഖകള്‍ സ്‌കൂളില്‍ നിന്നും നഷ്ടപ്പെട്ടു. (സ്‌കൂളും ഇന്ത്യന്‍ എംബസിയും തമ്മില്‍ ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരുകയാണ്).
കരാര്‍ ലംഘിച്ചു കൊണ്ട് സ്‌കൂള്‍ വില്‍ക്കാന്‍ മൈമനി ശ്രമിച്ചു. മൈമനിയില്‍ നിന്നും സ്‌കൂള്‍ വാങ്ങിയതായി അവകാശപ്പെട്ടു കൊണ്ടും വാടക ആവശ്യപ്പെട്ടു കൊണ്ടും 2004ല്‍ സയീദ് ബിന്‍ അലി ദര്‍മാഹി എന്ന സ്വദേശി സ്‌കൂളിനെ സമീപിച്ചു. വാടക നല്‍കാന്‍ വിസമ്മതിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കൈവശം പക്ഷെ മൈമനിയുമായി ഉണ്ടാക്കിയ കരാറിന്റെ രേഖകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ദര്മാഹി കൊണ്ടുവന്ന മൈമനിയില്‍ നിന്നും ലഭിച്ച കരാര്‍ കോപ്പിയില്‍ വ്യാപകമായ കൃത്രിമം നടന്നതായി സ്‌കൂള്‍ മാനെജ്‌മെന്റ് ആരോപിച്ചു.
സ്‌കൂളിന്റെ ഉടമസ്ഥാവകാശം സയീദ് ഉമര്‍ ബല്‍ഖുറാം എന്ന വ്യക്തിയിലേക്ക് മാറ്റിയതായും 2004 മുതല്‍ 2006 വരെയുള്ള വാടക ബല്‍ഖുറാമിന് നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള വക്കീല്‍ നോട്ടീസ് സ്‌കൂളിനു ലഭിച്ചു. 2006 സെപ്റ്റംബര്‍ പതിമൂന്നിന് സ്‌കൂള്‍ കെട്ടിടം ഒഴിയുകയോ, പുതിയ വാടക കരാര്‍ ഉണ്ടാക്കുകയോ ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ബല്‍ഖുറാം കോടതിയെ സമീപിച്ചു. 2007 – ല്‍ ഈ കേസ് വിളിച്ചപ്പോള്‍ ബല്‍ഖുറാം കോടതില്‍ ഹാജരായില്ല. 2009ല്‍ ബല്‍ഖുറാം വീണ്ടും കോടതിയെ സമീപിച്ചു. പിന്നീട് 2011 വരെ ഇതുസംബന്ധമായ നടപടികള്‍ ഒന്നുമുണ്ടായില്ല. ഇതിനിടെ മഹമൂദ് മൈമനി മരണപ്പെട്ടു.
2011 നവംബറില്‍ ബല്‍ഖുറാം നല്‍കിയ പരാതിയില്‍ പോലീസ് പ്രിന്‍സിപ്പാളിനെ വിളിപ്പിച്ചു. ഉടമസ്ഥാവകാശം ബല്‍ഖുറാമിലേക്ക് മാറ്റിയ രേഖകളില്‍ ഒപ്പ് വെക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. 2015ല്‍ ബല്‍ഖുറാം നല്‍കിയ കേസ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കോടതി തള്ളി.
2016ല്‍ ഇതേ കേസ് വീണ്ടും കോടതിയിലെത്തി. 2017ല്‍ പ്രിന്‍സിപ്പാളും മാനേജിംഗ് കമ്മിറ്റി ചെയര്‍മാനും അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറും കോടതിയില്‍ ഹാജരായി. എന്നാല്‍ കേസില്‍ ബല്‍ഖുറാമിന് അനുകൂലമായി വിധിയുണ്ടായി. (വാദം നടക്കുന്നതിനിടെ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആസിഫ് ദാവൂദ് കോടതിയില്‍ നിന്നും ഇറങ്ങിപോയത് വിധിയില്‍ ജഡ്ജി പ്രത്യേകം ചൂണ്ടിക്കാട്ടി). 31,332,191.98 റിയാല്‍ വാടകയിനത്തില്‍ സ്‌കൂള്‍ നല്‍കണം എന്നായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെ സ്‌കൂള്‍ നല്‍കിയ റിവ്യൂ പെറ്റിഷന്‍ കോടതി തള്ളി. 2017 സെപ്റ്റംബറില്‍ സ്‌കൂളിന്റെ ബാങ്ക് അക്കൌണ്ട് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സേവനങ്ങളും നിര്‍ത്തി വെച്ചു. അതോടെ കോടതി ആവശ്യപ്പെട്ട തുക സ്‌കൂള്‍ അടച്ചു. നാല്‍പ്പത്തിയൊമ്പത് വര്‍ഷത്തെ വാടക മുന്‍കൂറായി നല്‍കിയ രേഖകള്‍ സ്‌കൂളില്‍ നിന്ന് നഷ്ടപ്പെട്ടതാണ് ഇത്രയും തുക സ്‌കൂളിനു നഷ്ടപ്പെടാണ്ണ്! ഇടയാക്കിയത്. രേഖകള്‍ ഇന്ത്യന്‍ എംബസിയില്‍ ആണെന്ന് പിരിച്ചുവിടപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറയുന്നുണ്ടെങ്കിലും എംബസി അത് നിഷേധിക്കുകയാണ്.
സ്‌കൂള്‍ തുടരണമെങ്കില്‍ ഒരു കോടി റിയാല്‍ പ്രതിവര്‍ഷ വാടക വേണം എന്നായിരുന്നു ബല്‍ഖുറാമിന്റെ ആവശ്യം. ചര്‍ച്ചകളിലൂടെ ഇത് അമ്പത്തിയഞ്ച് ലക്ഷം വരെയെത്തി. എന്നാല്‍ മാനേജിംഗ് കമ്മിറ്റിയെയും പ്രിന്‍സിപ്പാളിനെയും പിരിച്ചു വിട്ടതിനാല്‍ ഇതുസംബന്ധമായ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. എംബസിയധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടല്‍ ഉണ്ടായതുമില്ല. അതോടെ സ്‌കൂള്‍ കെട്ടിടം ഈ മാസം ഒമ്പതിന് മുമ്പ് ഒഴിയാന്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കെട്ടിടമുടമയായ ബല്‍ഖുറാം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ ഒന്നും ഫലം കണ്ടതുമില്ല. ഇതാണ് ആറായിരത്തോളം ആണ്‍കുട്ടികള്‍ പഠിക്കുന്ന കെട്ടിടം ഒഴിയാനുണ്ടായ സാഹചര്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here