‘സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ട ആവശ്യമില്ല’; നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിധിക്കെതിരെ ആര്‍ക്ക് വേണമെങ്കിലും റിവ്യൂ ഹര്‍ജി നല്‍കാം. അതിന് സര്‍ക്കാര്‍ എതിരല്ലെന്ന് പറഞ്ഞ മന്ത്രി സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നേരിട്ട് റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വ്യക്തമാക്കി.
റിവ്യൂ ഹര്‍ജി നല്കേണ്ടവര്ക്ക് നല്‍കാം. തുടര്‍ന്ന് വരുന്ന ഏത് വിധിയും സര്‍ക്കാര്‍ നടപ്പിലാക്കും. ഇപ്പോള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കുകയാണ് സര്‍ക്കാറിന് മുന്നിലുള്ള വഴി. അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം, തെറ്റിദ്ധാരണ പരത്തികൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അവര്‍ തനിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാറിനെതിരെയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഈ പ്രകടനങ്ങളെല്ലാം നടക്കുന്നത്. 2007 മുതലുള്ള കേസാണിത്. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാറിനോട് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നിലപാട് ആരാഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ അഗാധമായ പാണ്ഡിത്യമുള്ളവരടങ്ങുന്ന ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് അന്നത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാ നിയമവശങ്ങളും കൃത്യമായി പരിശോധിച്ച കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. സത്യാവസ്ഥ ഇങ്ങനെയായിരിക്കെ എല്ലാ പ്രതിഷേധങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ചുവിടാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here