കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കൊലപാതക കാരണം സാമ്പത്തിക തർക്കം

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം സാമ്പത്തിക തർക്കമെന്ന് പൊലീസ്. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടിൽ നിധീഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വീടിനോട് ചേർന്ന് ഷെഡ് കെട്ടി ഇരുമ്പു പണി എടുക്കുന്ന ആളാണ് കൊല്ലപ്പെട്ട നിധീഷ്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ആദ്യം നിധീഷുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ ഷെഡിൽ മൂർച്ച കൂട്ടി വെച്ചിരുന്ന കൊടുവാൾ ഉപയോഗിച്ച് നിധീഷിനെ വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിധീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അക്രമം തടയാൻ ശ്രമിച്ച ഭാര്യ ശ്രുതിക്കും വെട്ടേറ്റിരുന്നു. ഗുരുതര പരുക്കേറ്റ ശ്രുതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് മുമ്പും ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ചികിത്സയിലുള്ള ശ്രുതി മൊഴി നൽകി സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട അക്രമികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Story Highlights : Kannur murder case Financial dispute as reason for murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here