Advertisement

ശബരിമല വിധി ഇതര മതങ്ങൾക്ക് ബാധകമാക്കാതെ എങ്ങനെ നടപ്പാക്കും എന്ന് സംശയം; ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്

October 8, 2018
Google News 0 minutes Read

ആർ.രാധാക്യഷ്ണൻ

ശബരിമല കേസിലെ ഭരണഘടനാ ബഞ്ചിന്റെ വിധി കഴിഞ്ഞ ദിവസമാണ് കേന്ദ്ര നിയമ മന്ത്രാലയം വിലയിരുത്തിയത്. വിധി സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിയൊരുക്കുന്നുവെന്ന നിലപാടിലാണ് ചർച്ചകൾ അവസാനിച്ചത് . പ്രത്യേകിച്ച് ഭരണഘടനയുടെ അനുചേദം 14 ഉം 21 ഉം സംബന്ധിച്ച വിഷയത്തിൽ. മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് കൂടി ബാധകമാക്കാതെ ഇതെങ്ങനെ  നടപ്പാക്കും എന്നാണ് നിയമ മന്ത്രാലയത്തിന്റെ പ്രധാന സംശയം. ശബരിമലയിൽ പുരോഗമനപരമായ നിലപാട് സുപ്രീം കോടതിയ്ക്ക് സ്വീകരിയ്ക്കണമെങ്കിൽ ഇത്  സംബന്ധിച്ച നിർദേശത്തിന് പൊതുവായ വ്യാപ്തി ഉണ്ടായിരിയ്ക്കണമെന്ന് നിയമ മന്ത്രാലയ വ്യത്തങ്ങൾ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. അതുകൊണ്ട് ഇതു സംബന്ധിച്ച വിഷയത്തിൽ വ്യക്തത തേടാനാണ് നിയമ മന്ത്രാലയത്തിന്റെ തീരുമാനം. പുനഃപരിശോധന ഹർജി പരിഗണിയ്ക്കപ്പെടുന്ന വേളയിൽ തന്നെ ഇക്കാര്യം ഉന്നയിക്കും.

ശബരിമല കേസിലെ വിധിയുടെ വ്യാപ്തി എല്ലാ മതസ്ഥർക്കും ഉണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ എല്ലാവരെയും ബാധിക്കുന്ന വിധത്തിലല്ല ഉത്തരവെന്ന് വിശദ പരിശോധനയിൽ കേന്ദ്രത്തിന് ബോധ്യപ്പെട്ടു. ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി ഇങ്ങനെ ഒരു വിധി നടപ്പാക്കാൻ ഭരണപരമായി പരിമിതികൾ ഉണ്ട്. ഏതെങ്കിലും ഒരു ആചാര രീതിയെ തിരഞ്ഞെടുക്കുകയും അത് മാത്രം ഇതുപോലെ തിരുത്തുകയും ചെയ്താൽ സാമൂഹ്യമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും  നിയമ മന്ത്രാലയം വിലയിരുത്തി. ഇതും
സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടും.

അതേസമയം പുനഃപരിശോധന വേളയിൽ കേന്ദ്രം ഇങ്ങനെ ഒരു വിശദീകരണം തേടിയാൽ
സുപ്രീംകോടതിയിൽ വിഷയം വീണ്ടും സങ്കീർണ്ണമാകും. കീഴ് വഴക്കം അനുസരിച്ച് പെട്ടന്ന് വിശദീകരണം നൽകാനോ അന്തിമ വിധി പ്രസ്താവിയ്ക്കാനോ സുപ്രീം കോടതിക്ക് പിന്നീട് സാധിയ്ക്കില്ല. ഇതര മതസ്ഥർക്ക് ഇത് ബാധകമാണ് എന്ന് പറയുന്നതിന് മുൻപായി കോടതിക്ക് എന്തുകൊണ്ടും ആ മത നേതാക്കളുടെയും സംഘടനകളുടെയും അഭിപ്രായം കേൾക്കേണ്ടി വരും. അങ്ങനെയെങ്കിൽ പുനപരിശോധന ഹർജ്ജി പരിഗണിയ്ക്കാൻ വിപുലമായ ഏഴംഗ
ബഞ്ചും രൂപീകരിക്കേണ്ടി വരും. മാത്രമല്ല പരിഗണനാവിഷയമായ ചോദ്യങ്ങളിലും കാര്യമായ
ഭേതഗതി ഉണ്ടാകും. രാജ്യത്തെ വ്യക്തിനിയമങ്ങൾ സംബന്ധിച്ച സമ്പൂർണ്ണ പുനഃപരിശോധനയാകും ഇതുമായി ബന്ധപ്പെട്ട് കോടതിയ്ക്ക് നടത്തേണ്ടി വരിക . വിശദീകരണം തേടാനുള്ള നടപടികൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here