ശബരിമല സ്ത്രീ പ്രവേശം; എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും പുനഃപരിശോധനാ ഹര്‍ജി നല്‍കും

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്ക്ക് എതിരെ എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയിൽ പുനപരിശോധന ഹര്‍ജി നല്‍കും. വ്യത്യസ്ഥ ഹര്‍ജികള്‍ നല്‍കാനാണ് നീക്കം.ഇന്നോ നാളെയോയായി ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന.
റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം സര്‍ക്കാറുമായി ചര്‍ച്ച നടത്തൂ എന്നാണ് തന്ത്രി കുടുംബത്തിന്‍റെ നിലപാട്. ഇന്നാണ് തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. എന്നാല്‍ തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ചര്‍ച്ച നടത്തും. തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. തുലാം മാസ പൂജ സമയത്ത് സന്നിധാനത്ത് സ്ത്രീ പോലീസുകാരെ നിയമിക്കേണ്ടെന്നാണ് തീരുമാനം. അതേസമയം പമ്പയിൽ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. തിരക്ക് കൂടുകയാണെങ്കില്‍ മാത്രം വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here