സിദ്ദിഖിനെ ഒരുക്കിയിറക്കിയത് മറ്റ് ചിലര്‍; കെ.പി.എസി ലളിതയെ വാര്‍ത്താസമ്മേളനത്തിന് ഇറക്കിയത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍

സിനിമയിലെ വനിതാ കൂട്ടായ്മ ശനിയാഴ്ച കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തോടെ ഒറ്റപ്പെട്ട് പോയ താരസംഘടനയില്‍ ചേരിപ്പോര് അതിരൂക്ഷമായി. ദിലീപിനെതിരെ നിലനില്‍ക്കുന്ന കേസിന്റെ സ്വഭാവവും പൊതുസമൂഹത്തിന്റെ വിയോജിപ്പും കണക്കിലെടുക്കേണ്ടതാണെന്ന നിലപാടാണ് സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന്. ഈ നിലപാടുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ എ.എം.എം.എയില്‍ ഉണ്ട്. എന്നാല്‍, ഇവരുടെ ശബ്ദം ദുര്‍ബലമാക്കുകയാണ് ദിലീപിനെ പിന്തുണക്കുന്ന ലോബി.
വനിതാ കൂട്ടായ്മ (WCC) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ എന്തൊക്കെയോ ആരോപണം ഉന്നയിച്ചെന്ന മട്ടിലാണ് സിദ്ദിഖ് ഇന്ന് മാധ്യമങ്ങളെ കണ്ടത്. യത്ഥാര്‍ഥത്തില്‍ രേവതിയും പാര്‍വതിയും അടങ്ങുന്ന വനിതാ കൂട്ടായ്മ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ വ്യക്തിപരമായി മോഹന്‍ലാലിനെതിരെ ആയിരുന്നില്ല. ദിലീപിനെ അന്ധമായി പിന്തുണക്കുന്ന അമ്മയിലെ ലോബിയെയാണ് വനിതാ കൂട്ടായ്മ ലക്ഷ്യം വച്ചത്. ഇത് അവഗണിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ച് വിഷയത്തിന്റെ ദിശ മാറ്റുകയാണ് സിദ്ദിഖ് ഇന്ന് ചെയ്തത്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെ.പി.എസി ലളിതയെ വാര്‍ത്താസമ്മേളനത്തിന് ഇരുത്തിയത് സര്‍ക്കാറിനെയും സിപിഎമ്മിനെയും ഒപ്പം നിര്‍ത്താമെന്ന പ്രതീക്ഷയിലാണ്.
അടിയന്തര ജനറല്‍ ബോഡി ചേര്‍ന്ന് വനിതാ കൂട്ടായ്മ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് മോഹന്‍ലാലിന്റെ വ്യക്തിപരമായ അഭിപ്രായം. ഇക്കാര്യം ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. ലാലുമായി സംസാരിച്ച ശേഷമാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് വിശദീകരിച്ചതോടെ ദിലീപ് പക്ഷത്തിന്റെ നീക്കങ്ങള്‍ പുറത്താകുകയും ചെയ്തു. വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന മോഹന്‍ലാല്‍ രാജി വക്കുന്നതിനെ പറ്റി സുഹൃത്തുക്കളുമായി സംസാരിച്ചതായും സൂചനകളുണ്ട്. ദിലീപ് വിഷയത്തില്‍ ചിലര്‍ സംഘടനയ്ക്കുള്ളില്‍ തന്നെ ലക്ഷ്യം വക്കുന്നു എന്നാണ് മോഹന്‍ലാല്‍ സംശയിക്കുന്നത്. ലാലിനോടൊപ്പമുള്ള ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഈ ആക്ഷേപമുണ്ട്. ദിലീപിനെക്കാള്‍ എതിര്‍ക്കപ്പെടേണ്ട ആളാണോ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ എന്നാണ് ഇവര്‍ ഉന്നയിക്കുന്ന കാതലായ ചോദ്യം. സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനത്തിലുടനീളം പ്രകടമായ സ്ത്രീവിരുദ്ധതയും നിയമപരമായ അജ്ഞതയും വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ദിലീപിനെ വിമര്‍ശിച്ച് സംഘടന വിട്ടവര്‍ മാപ്പ് പറഞ്ഞാലേ തിരികെ എടുക്കൂ എന്ന വാദംസിദ്ദിഖ് ഉന്നയിക്കുമ്പോള്‍ അവര്‍ ഏത്തമിടണമെന്നും കെ.പി.എസി ലളിത ആവശ്യപ്പെടുന്നു. അതിക്രമത്തെ അതിജീവിച്ച നടിയും ദിലീപും എ.എം.എം.എയുടെ അംഗങ്ങളാണെന്ന് സാമാന്യവത്കരിച്ച സിദ്ദിഖ് നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എന്നും വാര്‍ത്താസമ്മേളനം വിളിക്കാന്‍ ആവില്ലെന്നും പുച്ഛിച്ചു. ആഷിഖ് അബുവിന്റെ സിനിമ സെറ്റില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന പ്രസ്താവനയെ പരിഹസിച്ച സിദ്ധിഖിന്റെ നിയമബോധത്തെയും വിമര്‍ശിക്കേണ്ടിയിരിക്കുന്നു.
പരാതിക്കാരിയും കുറ്റാരോപിതനും ഒരേ പരിഗണന നല്‍കുന്ന താരസംഘടന സമാനതകളില്ലാത്ത ആഭ്യന്തര പ്രതിസന്ധി നേരിടുകയാണ്. ദിലീപിനെ അന്ധമായി പിന്തുണച്ച് പൊതുസമൂഹത്തിന്റെ എതിര്‍പ്പ് എന്തിന് വാങ്ങികൂട്ടണമെന്ന ചോദ്യത്തിന് സംഘടനയില്‍ പിന്തുണയേറുകയാണ്. ദിലീപിന്റെ പേരില്‍ ഇനി പഴികേള്‍ക്കാന്‍ ഇല്ലെന്ന് മോഹന്‍ലാല്‍ കടുത്ത നിലപാട് എടുത്താല്‍ എ.എം.എം.എയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. അതിന്റെ സൂചനകള്‍ സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here