‘നിങ്ങള്‍ക്ക് മുണ്ട് മടക്കിക്കുത്താന്‍ അറിയാമെങ്കില്‍ ഒരു കാര്യം ഓര്‍മിപ്പിക്കാം, ഞങ്ങളെ മഴയത്ത് നിര്‍ത്തരുത്’; രാജീവ് ചന്ദ്രശേഖറിനെതിരെ ഒബിസി മോര്‍ച്ച നേതാവ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിപിന്‍ കുമാര്‍. ബിപിഎല്ലിന്റെ ഗതി ബിജെപിക്കും വരുമെന്നാണ് വിമര്‍ശനം. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിപിന്റെ രൂക്ഷ പ്രതികരണം. (OBC Morcha leader against Rajeev Chandrasekaran)
സോഷ്യല്‍ മീഡിയയിലൂടെ മുന്‍പ് പ്രതികരിച്ചതിന് വിപിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പുനസംഘടനയുടെ പശ്ചാത്തലത്തിലാണ് വിപിന്റെ രൂക്ഷവിമര്‍ശനങ്ങള്‍. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കില്ല എന്ന് ബോധ്യമുള്ള മികച്ച നേതാക്കളെ ഇങ്ങനെ ഒതുക്കുന്നത് സംഘടനയ്ക്ക് ദോഷകരമെന്ന് വിപിന്‍ ഫേസ്ബുക്കിലെഴുതി. പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുന്ന ഇത്തരം നേതാക്കളെ ഒഴിവാക്കി കോടികള്‍ മാസം ചെലവഴിച്ച് കൂടെ നിര്‍ത്തിയിട്ടുള്ള പിആര്‍ ടീമും തിരുവനന്തപുരത്തെ ഓമ്പ്രാനും മതിയെന്നാണോ എന്നും വിപിന്‍ ചോദിച്ചു.
വിപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടുമോ ??
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞാന്‍ പ്രസിഡന്റിനോട് ചിലത് പറയാം …..
സംഘടനാ നേതാക്കള്‍ എടുത്ത തെറ്റായ തീരുമാനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ .. ഏറ്റവും താഴേക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്നെ പോലൊരു പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്ത നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ..
തിരുവനന്തപുരത്തു നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മാറാന്‍ 18 അടവും പയറ്റി നടന്ന ഒരു നേതാവ് തിരുവനന്തപുരം ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റിനെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്നേ അനാവശ്യ പോസ്റ്റര്‍ ഒട്ടിച്ച് അയാളെ കരിവാരിത്തേക്കാന്‍ ശ്രമിച്ച് അയാള്‍ക്ക് കിട്ടേണ്ടിയിരുന്ന സ്ഥാനം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചിരുന്നു.
അന്ന് പ്രതിയെ പിടിച്ചപ്പോള്‍ .. പ്രതിയുടെ മൊഴിപ്രകാരം അതിലൊന്നാം പ്രതിയായി വന്നത് പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദ കലക്ക് മുതല്‍ പോസ്റ്റര്‍ കണ്ടന്റ് വരെ തയ്യാറാക്കി അഹോരാത്രികളില്‍ പണിയെടുത്ത താങ്കളുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ടോര്‍ച്ച് സുരേഷിന്റെ പേരാണ് ….
അന്തസ് ഉണ്ടെങ്കില്‍ പാര്‍ട്ടിക്കെതിരെ ഇത്തരത്തിലുള്ള നീചമായ പരിപാടി അതും പാര്‍ട്ടി ശക്തമായ നിലയില്‍ ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു എന്ന തരത്തില്‍ ജനങ്ങള്‍ക്ക് പ്രതീതിയുണ്ടായിരുന്ന ആ സമയത്തുതന്നെ കാണിച്ച സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്തേ ? അവസാനം വാലാട്ടി പണിക്ക് കിട്ടാത്തവരെ മാറ്റി നല്ലൊരു വാലാട്ടിയെ നിങ്ങള്‍ കണ്ടുപിടിച്ച് തിരുവനന്തപുരത്തെ ഓഫീസിന്റെ താക്കോലും ഏല്‍പ്പിച്ചു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ഇത്തരം നെറികെട്ടവന്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടാണോ താഴേക്കിടയിലുള്ള സാധാരണ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇറങ്ങുന്നത് ..??
എന്റെ സംഘടന കാലയളവില്‍
വി മുരളീധരന്‍ ജി
കുമ്മനം രാജേട്ടന്‍
ശ്രീധരന്‍ പിള്ള സാര്‍
കെ സുരേന്ദ്രട്ടേന്‍
എന്നിവര്‍ പ്രസിഡണ്ട് ആയപ്പോള്‍ ഈ പ്രസ്ഥാനത്തില്‍ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചു എന്ന സന്തോഷം എനിക്കുണ്ട് … പക്ഷേ ഒന്നു പറഞ്ഞോട്ടെ .. അവര്‍ക്കൊന്നും ഉള്ള സംഘടനാ ശേഷിയോ സംഘടന ബോധമോ താങ്കളിലില്ല എന്ന സത്യം സ്വയം മനസ്സിലാകുന്ന കാലം എന്നെങ്കിലും വരുമോ. ചിങ്ങവും കന്നിയു തിരിച്ചറിയാത്ത നിങ്ങള്‍ക്ക് ഇതിനെക്കുറിച്ചുള്ള ബോധ്യം ഉണ്ടാകില്ല എന്ന് തന്നെ വിശ്വസിക്കുന്നു.
ബിസിനസ് ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം … ആയിരക്കണക്കിന് ധീരന്മാര്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയെടുത്ത പ്രസ്ഥാനമാണ് ഇത് ..
ആ പ്രസ്ഥാനത്തിന്റെ മാതൃസംഘടനയുടെ ഏറ്റവും വലിയ യുവജന വിഭാഗമായ ബജരംഗദളിനെ പോലും താങ്കള്‍ കഴിഞ്ഞ കാലയളവില്‍ തള്ളി പറഞ്ഞിരുന്നു…
അപ്പുറത്ത് നില്‍ക്കുന്ന നാലോട്ടു പ്രതീക്ഷിച്ച് ജീവത്യാഗം ചെയ്യാന്‍ പോലും തയ്യാറായി നില്‍ക്കുന്ന… പ്രസ്ഥാനത്തിന്റെ തന്നെ നെടുംതൂണായ ബജരംഗദളിനെ താങ്കള്‍ കുറ്റം പറഞ്ഞപ്പോഴേ താങ്കളുടെ നിലവാരം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു ..
ജനതാദളിന് പൈസ കൊടുത്ത് വാങ്ങി എംപി സ്ഥാനവുമായി താങ്കള്‍ പാര്‍ലമെന്റിലേക്ക് എത്തിയപ്പോള്‍ …
താങ്കള്‍ക്ക് വലിയ ബിസിനസ് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു ..
ആ ബിസിനസ് ലക്ഷത്തിന്റെ ഭാഗമായിട്ട് തന്നെ താങ്കള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു …..
അവിടെനിന്ന് പാര്‍ട്ടി ജയിക്കേണ്ടിയിരുന്ന തിരുവനന്തപുരം സീറ്റ് ചോദിച്ചു വാങ്ങി കേരളത്തിലേക്ക് വന്നപ്പോള്‍ ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല … പണ്ട് ബിപിഎല്‍ നെ വിറ്റ് തുലച്ചതുപോലെ ഞങ്ങളുടെ പ്രസ്ഥാനത്തെ തുലയ്ക്കാനാണ് താങ്കളുടെ എഴുന്നള്ളത്തെന്ന്…
താങ്കള്‍ ഒന്നു മനസ്സിലാക്കണം താങ്കള്‍ തരുന്ന സസ്‌പെന്‍ഷന്‍ എന്ന ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല ഞങ്ങളാരും ..
പ്രസ്ഥാനമാണ് ഞങ്ങള്‍ക്ക് വലുത് ..
ഇന്ന് താങ്കള്‍ കാണിച്ചുകൂട്ടുന്ന തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചില്ല എന്നുണ്ടെങ്കില്‍ നാളെ ഈ പ്രസ്ഥാനത്തിന്റെ തകര്‍ച്ച ഞങ്ങള്‍ തന്നെ കാണേണ്ടിവരും …
അതുകൊണ്ട് ഈ സംഘടനയ്ക്കുള്ളില്‍ മെമ്പര്‍ഷിപ്പ് ഇല്ലെങ്കിലും.. സാധാരണ ഒരു അനുഭാവിയായി തന്നെ തുടരും …
നിങ്ങള്‍ക്ക് മുണ്ട് മടക്കി കുത്താന്‍ അറിയാമെങ്കില്‍ ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു-
‘ഞങ്ങളെ വെറുതെ മഴയത്ത് നിര്‍ത്തരുത്’
ഞങ്ങള്‍ തുടരും…….
Story Highlights : OBC Morcha leader against Rajeev Chandrasekaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here