Advertisement

സഹോദരന്റെ ഇരട്ടവോട്ട് മുതല്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ ശേഷം തൃശ്ശൂരില്‍ കാണാനില്ലെന്ന പരാതി വരെ; സുരേഷ് ഗോപിയെ വിടാതെ വിവാദങ്ങള്‍

3 hours ago
Google News 2 minutes Read
allegation against suresh gopi amid vote chori protests

ഇരട്ടവോട്ടും വ്യാജ വോട്ടും ബിജെപിയെ ദേശീയതലത്തില്‍ വരിഞ്ഞു മുറുക്കുന്നതിനിടയില്‍ ആക്ഷന്‍ ഹിറോയും പ്രതിരോധത്തില്‍. തൃശ്ശൂര്‍ എം പിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സഹോദരനടക്കം വ്യാജ വോട്ട് ചേര്‍ത്തെന്ന ആരോപണമാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി താമര വിരിയിക്കാനായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബി ജെ പി സംസ്ഥാന നേതൃത്വം. അസാധ്യമെന്ന് കരുതിയിരുന്ന വിജയമാണ് സുരേഷ് ഗോപിയെ ഇറക്കി ബിജെപി തൃശ്ശൂരില്‍ നേടിയത്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഏറെ ആഘോഷത്തോടെ കൊണ്ടാടിയ വിജയത്തിന്റെ ശോഭ കെടുത്തുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടേയും ഭാര്യയുടേയും പേരില്‍ തൃശ്ശൂരില്‍ അനധികൃതമായി വോട്ടു ചേര്‍ത്തുവെന്ന ആരോപണമാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. (allegation against suresh gopi amid vote chori protests)

ബിജെപിക്ക് ബാലികേറാമലയായി അറിയപ്പെട്ടിരുന്ന സംസ്ഥാനമായിരുന്നു കേരളം. നിയമസഭയില്‍ ഉണ്ടായിരുന്ന സീറ്റുപോലും നഷ്ടമായതോടെ പ്രതീക്ഷകള്‍ അസ്തമിച്ച ബിജെപിക്ക് സുരേഷ് ഗോപിയുടെ വിജയം വലിയ അനുഗ്രവും ആശ്വാസവുമായി. ബിജെപിക്ക് വോട്ടുശതമാനത്തിലുണ്ടായ വര്‍ധനയും ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് അടുത്ത തവണ പത്തിലേറെ സീറ്റുകളില്‍ വിജയിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ബിജെപി നേതൃത്വത്തിന് തിരിച്ചടിയായി മാറിയിരിക്കയാണ് തൃശ്ശൂരിലെ കള്ളവോട്ട് വിവാദം. സുരേഷ് ഗോപിക്കെതിരെ കേസെടുത്തതോടെ വിവാദം കൂടുതല്‍ കനക്കുകയാണ്. സുരേഷ് ഗോപി എം പി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂരില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Read Also: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഐഎം നടപടി ജനാധിപത്യ വിരുദ്ധം: ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി

പൂങ്കുന്നത്ത് വീട്ടുടമസ്ഥ അറിയാതെ ആറ് വോട്ടുകള്‍ ചേര്‍ത്തുവെന്ന ആരോപണം കഴിഞ്ഞ ദിവസം വിവാദമായതിനു തൊട്ടുപിന്നാലെയാണ് സ്ഥലം എം പിയുടെ സഹോദരനും കുടുംബവും ചട്ടങ്ങള്‍ ലംഘിച്ച് തൃശ്ശൂരില്‍ വോട്ടു ചേര്‍ത്തതായി കണ്ടെത്തിയത്. ഇവര്‍ക്ക് കൊല്ലത്തും വോട്ടുണ്ട്. വോട്ട് ചോരി പ്രക്ഷോഭം രാജ്യത്താകമാനം കത്തിപ്പടരുന്ന സാഹചര്യത്തില്‍ തൃശ്ശൂരിലും കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന ആരോപണം ബിജെപിക്ക് തലവേദനയാവും. കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്യപ്പെട്ട സംഭവത്തില്‍ സുരേഷ് ഗോപി മൗനം പാലിച്ചെന്നുള്ള ആരോപണം ക്രൈസ്തവ സഭയുടെ ഭാഗത്തുനിന്നും ഉയരുന്നതിനിടയിലാണ് വോട്ട് ചോരി വിവാദവും ഉയര്‍ന്നത്.

നേരത്തേയും സുരേഷ് ഗോപിക്കെതിരെ തൃശ്ശൂരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തൃശ്ശൂരില്‍ പൂരം കലക്കിയാണ് വിജയം നേടിയെതെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറിന്റെ ആരോപണം. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു സുനില്‍ കുമാറിന്റെ പരാതി. പൂരം കലക്കാനായി പൊലീസ് ഉന്നതനായ എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി ഗൂഢോലോചന നടത്തിയെന്നായിരുന്നു നിലമ്പൂര്‍ എം എല്‍ എയായിരുന്ന പി വി അന്‍വറിന്റെ ആരോപണം. ബി ജെ പി ഗൂഢാലോചനയുടെ ഭാഗമായാണ് പൂരംകലക്കല്‍ നടന്നതെന്നും അന്വേഷണം നടത്തണമെന്നുമുള്ള സി പി ഐയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തുന്ന തെളിവെടുപ്പും അന്വേഷണവും അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് കള്ളവോട്ട് വിവാദവും ഉയരുന്നത്.

തൃശ്ശൂര്‍പൂരം കലക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനായിരുന്നു പിന്നീട് ഉണ്ടായ മറ്റൊരു ആരോപണം. എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പൂരം കലക്കിയെന്നും, അവിടെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ എത്തിച്ച് പ്രശ്‌നം പരഹരിച്ചതായി വരുത്തി തീര്‍ക്കുകയും അത് അദ്ദേഹത്തിന്റെ വിജയത്തിന് വഴിയൊരുക്കി എന്നുമായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് നടക്കുന്ന പ്രത്യേക അന്വേഷ സംഘത്തിനു മുന്നിലും സുനില്‍ കുമാര്‍ ആരോപണം ആവര്‍ത്തിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പൂരം അലങ്കോലപ്പെടുത്താനും, ഇടത് വിരുദ്ധതയിലൂടെ എതിരാളിക്ക് അനുകൂലമായൊരു കാലാവസ്ഥ സൃഷ്ടിക്കപ്പെട്ടുവെന്നുമായിരുന്നു ആരോപണം.

തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ സുരേഷ് ഗോപി വിവാദങ്ങളില്‍ പെട്ടിരുന്നു. ക്രൈസ്തവ വോട്ടുകള്‍ നേടുന്നതിനായി ലൂര്‍ദ് മാതാ പള്ളിയില്‍ സ്വര്‍ണകിരീടം സമ്മാനിച്ചതും, കിരീടത്തിന് മാറ്റുകുറഞ്ഞ സ്വര്‍ണം ഉപയോഗിച്ചുവെന്ന ആരോപണവുമാണ് വിവാദമായിരുന്നത്. അഞ്ച് പവന്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചതെന്നായിരുന്നു ആരോപണം. കിരീടം പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ക്രൈസ്തവരുടെ വോട്ടിനായി കിരിടം സമര്‍പ്പിക്കുകയും പള്ളികള്‍ കയറിയിറങ്ങുകയും ചെയ്തിരുന്ന സുരേഷ് ഗോപി, ഛത്തീസ്ഗണ്ഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ മൗനം പാലിച്ചുവെന്ന പരാതി വലിയ വിവാദമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ കേരളമെമ്പാടും കത്തിപ്പടര്‍ന്നു.

ഞങ്ങള്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയച്ച നടനെ കാണാനില്ല എന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപോലിത്തയുടെ ആരോപണം. സുരേഷ് ഗോപിയെ കാണാനില്ലെന്ന ആരോപണം ക്രൈസ്തവ സഭാനേതൃത്വം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് വ്യാജ വോട്ട് വിവാദവും ശക്തിപ്രാപിക്കുന്നത്.

രാജ്യം മുഴുവന്‍ ഇരട്ട വോട്ടുകളെക്കുറിച്ചും വ്യാജ വിലാസത്തില്‍ ചേര്‍ത്ത വോട്ടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ഇടയിലാണ് കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി വിജയിച്ച തൃശ്ശൂരിലും വ്യാജവോട്ടുകള്‍ ചേര്‍ത്തതായുള്ള വെളിപ്പെടുത്തലുകള്‍ വരുന്നത്.


സുരേഷ് ഗോപി വോട്ടു വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി ജെ പി സംസ്ഥാന അധ്യക്ഷനും ഇത്തത്തെ വിവാദങ്ങളില്‍ പ്രതികരിച്ചിട്ടില്ല. കേവലം 11 കള്ളവോട്ടുകള്‍ കൊണ്ടാണോ സുരേഷ് ഗോപി വിജയിച്ചതെന്ന വാദവുമായി വി മുരളീധരന്‍ മാത്രമാണ് വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. വ്യാജ വോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സുരേഷ് ഗോപി എം പി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും.

Story Highlights : allegation against suresh gopi amid vote chori protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here