നോവലെഴുതി, സ്വന്തമായി പബ്ലിഷ് ചെയ്ത്, വായനക്കാരുടെ കൈയ്യിൽ അത് നേരിട്ട് എത്തിക്കുന്ന ഒരു നോവലിസ്റ്റ്!

akhil

അഖിൽ പി ധർമ്മജൻ വായനയിലെ പുതുതലമുറയിൽപ്പെട്ട മിക്കവർക്കും പരിചിതമായ പേരാണിത്. ഹൊറർ നോവലുകളിലൂടെ കോട്ടയം പുഷ്പനാഥ് വായനയുടെ ലോകത്തേക്ക് ‘ഭയപ്പെടുത്തി’ നടത്തിവരാണ് ഇന്നത്തെ ന്യൂജനറേഷന് തൊട്ടുമുമ്പുള്ള രണ്ടോ മൂന്നോ തലമുറ. എന്നാൽ അതിന് ശേഷം അത്തരം കഥകൾ പറയുന്ന പുസ്തകങ്ങളെത്തിയെങ്കിലും വായനക്കാരെ പിടിച്ചിരുത്താനായില്ലെന്നതാണ് സത്യം. ഇവിടെയാണ് അഖിലിന്റെ സൃഷ്ടികൾ വേറിട്ട് നിൽക്കുന്നത്. എഴുത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച് മുഖ്യധാരയിലേക്ക് എത്തിയില്ലെങ്കിലും അഖിലിന്റെ പുസ്തകങ്ങൾക്ക് കൃത്യമായ ഒരു വായനാക്കൂട്ടമുണ്ട്. മാത്രമല്ല അഖിലിന്റെ സൃഷ്ടികൾക്ക് എഴുത്തിന്റെ മേൻമയോടൊപ്പം ചർച്ച ചെയ്യാൻ മറ്റ് ചിലത് കൂടിയുണ്ട്.

ഓജോബോർഡ്, മെർക്കുറി ഐലന്റ്… വായനയുടെ ലോകത്തെ പുതുതലമുറയ്ക്ക് രണ്ടു പേരുകളും സുപരിചിതം.  അറിയാത്തവർക്ക് വേണ്ടി പറയാം. ആദ്യത്തേത് ഹൊറർ രണ്ടാമത്തേത് ഫാന്റസി, രണ്ടും ആമസോണിലെ ഹിറ്റ് ചാർട്ടിൽ മുമ്പിൽ. എഴുതിയത് ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ഇരുപത്തിയഞ്ചുകാരൻ അഖിൽ പി ധർമ്മജൻ.

ഒരു പുസ്തകം എഴുതുന്നതും  അത് വായനക്കാരുടെ പ്രിയ പുസ്തകമാകുന്നതും വാർത്തയാണ്. എങ്കിലും അത് മാത്രമല്ല അഖിലിനേയും അഖിലിന്റെ പുസ്തകത്തേയും സംബന്ധിച്ച പ്രത്യേകതകൾ. സ്വന്തം പുസ്തകം അച്ചടിച്ച് വിതരണം ചെയ്യാൻ സ്വന്തമായി പബ്ലിഷിംഗ് കമ്പനി തുറന്നയാളാണ് അഖിൽ. അത് ഡിറ്റിപി ചെയ്യുന്നതും, പേജ് ലേ ഔട്ട് ചെയ്യന്നതിലും ഒതുങ്ങുന്നില്ല ഈ ഒറ്റയാൾ പോരാട്ടം. തന്റെ പുസ്തകം ഓർഡർ ചെയ്യുന്നവർക്ക് അത് നേരിട്ട് കൊണ്ട് കൊടുക്കുകയാണ് അഖിൽ. ഒരു പക്ഷേ സ്വന്തം പുസ്തകം തന്റെ വായനക്കാരുടെ കൈയ്യിൽ നേരിട്ട് എത്തിക്കുന്ന ആദ്യത്തെ സാഹിത്യകാരനായിരിക്കും അഖിൽ.

ട്വന്റിഫോറിനോട്  സംസാരിക്കുമ്പോൾ  അഖിൽ ചെന്നൈയിൽ തന്റെ പുസ്തകങ്ങൾ ‘ഡെലിവറി’ ചെയ്ത് നാട്ടിൽ തിരിച്ച് എത്തിയിട്ടേ ഉള്ളൂ. എന്തേ ഡെലിവറിയ്ക്ക് ഇങ്ങനെ ഒരു മാർഗ്ഗം എന്ന ചോദ്യത്തിന് ഉത്തരം ലളിതമായിരുന്നു.

20 പുസ്തകം കൊറിയർ വഴി അയക്കുമ്പോൾ ആയിരത്തി നാനൂറ് രൂപയാവും. ജനറൽ കംപാർട്ട്മെന്റിൽ കയറി ഞാൻ തന്നെ കൊണ്ടുപോയി കൊടുത്താൽ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് രൂപയേ ആകൂ.. അങ്ങോട്ടും ഇങ്ങോട്ടും കൂടി അഞ്ഞൂറ് രൂപയിൽ നിൽക്കുമല്ലോ?

എന്തിന് ഇങ്ങനെയൊരു മാർക്കറ്റിംഗ്?

ബുക്ക് സ്റ്റാളുകളിൽ പുസ്തകം വിൽക്കാൻ കൊടുത്താൽ അവർ 60ശതമാനം കമ്മീഷൻ ആവശ്യപ്പെടും.  ആ കമ്മീഷൻ തരാൻ തയ്യാറല്ലെന്ന് പറഞ്ഞാൽ അവർക്ക്  വിദ്വേഷമാകും. അവർ പറയുന്ന കമ്മീഷൻ കൊടുത്താൽ  ബുക്കിൽ നിന്ന് വലിയ വരുമാനം നമുക്ക് ലഭിക്കില്ല.  അത് കൊണ്ടാണ് അൽപം ബുദ്ധിമുട്ടിയാലും പുസ്തകം നേരിട്ട് എത്തിക്കാൻ ശ്രമിക്കുന്നത്. മാത്രമല്ല ഇങ്ങനെ പുസ്തകവുമായി നടത്തുന്ന യാത്രകളൊക്കെ ഞാൻ വളരെ ആസ്വദിച്ചാണ് ചെയ്യുന്നതും. യാത്രകൾ നൽകുന്ന അനുഭവങ്ങൾ വാക്കുകളിൽ ഒതുങ്ങില്ലല്ലോ? അത് മനസുകൊണ്ട് ആസ്വദിക്കുകയാണ് ഞാൻ.

ആമസോണിൽ ഒന്നാമത്
ആമസോണിൽ ഹൊറർ പുസ്തകങ്ങളുടെ പട്ടികയിൽ ഒന്നാമതായിരുന്നു അഖിലിന്റെ ഓജോബോർഡ് എന്ന പുസ്തകം. എല്ലാ ഭാഷകളിലേയും നൂറ് പുസ്തകങ്ങളിൽ വച്ചാണ് അഖിലിന്റെ സൃഷ്ടി ഒന്നാമത് എത്തിയത്. ഒരാഴ്ചയോളം ഒന്നാം സ്ഥാനത്ത് ഓജോബോർഡ് തലയുയർത്തി നിന്നു. ആദ്യമായാണ് ഒരു മലയാളം പുസ്തകം ഇത്തരത്തിൽ ഒന്നാമത് എത്തുന്നതെന്ന് അഖിൽ പറയുന്നു

അവിടെ നിന്നും തിരിച്ചടി
വലിയ വലിയ ബുക്ക് സെല്ലേഴ്സാണ് അഖിലിന്റെ വരവോടെ ആമസോണിൽ നിന്ന്  ഒരടി പിന്നോട്ട് വച്ചത്.    തുടർച്ചയായി ഒരാഴ്ച ഒന്നാമത് ആ സ്ഥാനം നിലനിർത്തുകയും ചെയ്തു.

പെട്ടെന്നൊരു സുപ്രഭാതത്തിൽ അഖിലിന്റെ ‘സെല്ലർ അക്കൗണ്ട്’ ഒരു മുന്നറിയിപ്പും കൂടാതെ ആമസോൺ റദ്ദ് ചെയ്തു. മറ്റ് രാജ്യങ്ങളിലെ പബ്ലിഷേഴ്സ്  റിപ്പോർട്ട് ചെയ്ത് സെല്ലർ അക്കൗണ്ട് പൂട്ടിക്കുകയായിരുന്നുവെന്ന് അഖിൽ പറയുന്നു. അങ്ങനെ ഓൺലൈൻ വിൽപ്പന നിലച്ചു. കടകളിലും ഇല്ലാതായി. അതോടെയാണ് അഖിൽ പുസ്തകക്കെട്ടുമായി നേരിട്ട് ഇറങ്ങിയത്.  

ഫെയ്സ് ബുക്കിലും മറ്റും വരുന്ന ഓർഡറുകൾ സ്വീകരിച്ച് പുസ്തകം നേരിട്ട് എത്തിക്കുകയാണിപ്പോൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലെ തന്റെ വായനക്കാരുടെ അടുത്ത്   കഴിഞ്ഞ ഒരുമാസം കൊണ്ട് അഖിൽ പുസ്തകങ്ങളുമായി നേരിട്ട് എത്തി.

ഇതിനിടെ ആമസോണിൽ വീണ്ടും റിക്വസ്റ്റ് അയച്ചു. രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ട് സെല്ലർ അക്കൗണ്ട് തിരികെ കിട്ടി.  അങ്ങനെ  രണ്ടാമത്തെ പുസ്തകമായ മെർക്കുറി ഐലന്ര് വീണ്ടും ആമസോണിൽ എത്തിയിട്ടുണ്ട്.  ഇപ്പോൾ പട്ടികയിൽ അമ്പത്തിയഞ്ചാമതാണ് ഈ പുസ്തകം.


തിരിച്ചടി അവസാനിക്കുന്നില്ല

സെല്ലർ അക്കൗണ്ട് തിരികെ കിട്ടിയതോടെ ആമസോണിൽ വീണ്ടും സജീവമാകാൻ ഒരുങ്ങിയിരുന്നപ്പോഴാണ് അടുത്ത തിരിച്ചടി.

ഒരു ദിവസം നാൽപത്തിയഞ്ചോളം ഓർഡറുകൾ കിട്ടിയിരുന്ന അഖിലിന്റെ പുസ്തകങ്ങൾക്ക് ആവശ്യക്കാർ പൊടുന്നനെ കുറഞ്ഞു. ഓർഡറുകൾ രണ്ടിലേക്ക് ചുരുങ്ങി.   പിന്നെയാണ് തന്റെ നോവലുകളുടെ പിഡിഎഫ് വേർഷനുകൾ വ്യാപകമായി പ്രചരിക്കപ്പെടുന്നത് തിരിച്ചറിഞ്ഞത്.

കിന്റൽ വേർഷനുകളാണ് പിഡിഎഫ് ആയി പ്രചരിക്കപ്പെടുന്നത്. ഇതിന് പിന്നിലും ആമസോണിലെ വന്്പൻ ബുക്ക് സെല്ലിംഗ് കമ്പനികളാണെന്നാണ് സംശയിക്കുന്നത്. പോരാടാൻ തന്നെയാണ് അഖിലിന്റെ തീരുമാനം


17ാം വയസ്സിൽ എഴുതി തുടങ്ങി

17ാം വയസ്സിൽ എഴുതി തുടങ്ങിയതാണ് അഖിൽ. ഇപ്പോൾ വിപണിയിൽ ഉള്ള രണ്ട് പുസ്തകങ്ങളും അപ്പോൾ എഴുതി തുടങ്ങിയതാണ്. അവസാന പുസ്തകത്തിൽ അച്ചടി മഷി പുരണ്ടപ്പോൾ ഏഴ് വർഷം തികഞ്ഞിരുന്നു. അപ്പോഴേക്കും കൗമാരക്കാരനിൽ നിന്ന്  മെക്കാനിക്കൽ ഡിപ്ലോമയും, ചെന്നൈയിൽ നിന്ന് സംവിധാനത്തിലെ കോഴ്സും പൂർത്തിയാക്കിയ യുവാവായി അഖിൽ

സ്വന്തം പുസ്തകത്തിന് സ്വന്തം പബ്ലിഷിംഗ് കമ്പനി
2015 മുതൽ ഫെയ്സ് ബുക്കിൽ എഴുതുമായിരുന്നു.  അവിടെ കൃത്യമായ ഓഡിയൻസും അഖിലിന് ഉണ്ടായിരുന്നു . ഇതിനിടെ ഈ കുറിപ്പുകളെല്ലാം പബ്ലിഷ് ചെയ്യാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. പണച്ചെലവും വിലങ്ങ് തടിയായി.  ഇതോടെ ഫെയ്സ് ബുക്കിലെ സുഹൃത്തുക്കൾ പിരിവിട്ട് അഖിലിന്റെ പുസ്തകം കോഴിക്കോടുള്ള പ്രസാദകർ വഴി പുറത്തിറക്കി.

രണ്ട് കൊല്ലത്തോളം ആദ്യ എഡിഷനിലെ മുഴുവൻ പുസ്തകങ്ങളും വിറ്റ് പോയില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പബ്ലിഷർ പറ്റിച്ചെന്ന് അഖിൽ പറയുന്നു. അപ്പോഴേക്കും ഒമ്പത് എഡിഷന്റെ വിൽപ്പന പൂർത്തിയായിരുന്നു.  ഈ ചതി തിരിച്ചറിഞ്ഞതോടെ സ്വന്തമായി പബ്ലിഷിംഗ് കമ്പനി പുറത്തിറക്കാൻ തീരുമാനിച്ചു. കഥാ പബ്ലിക്കേഷൻസ് എന്ന പേരിൽ സ്വന്തമായി പബ്ലിഷിംഗ് കമ്പനി തുടങ്ങുന്നത് അങ്ങനെയാണ്.

അത് വഴിയാണ് അഖിൽ തന്റെ രണ്ടാമത്തെ പുസ്തകം  പുറത്തിറക്കുന്നത്. ആദ്യത്ത പുസ്തകവും അധികം വൈകാതെ കഥ പബ്ലിക്കേഷൻസ് തന്നെ പുറത്തിറക്കി. മൂവായിരത്തി എഴുന്നൂറോളം പുസ്തകങ്ങൾ ഇതിനോടകം വിറ്റ് പോയി. ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഒരു എഴുത്തുകാരൻ  നേരിടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധികളെയാണ് ആത്മവിശ്വാസത്തോടെ ഈ ചെറുപ്പക്കാരൻ തട്ടിമാറ്റുന്നത്. സ്വന്തം കഥയിലെ നായകനേക്കാൾ ആർജ്ജവുമുണ്ട് അഖിലിനിപ്പോൾ. തളർന്ന് പോകാതെ  പുസ്തകങ്ങളുമായി അഖിൽ ചെയ്യുന്ന യാത്രകളാണ് അതിന്റെ തെളിവ്.


തിരിച്ചടികളെ ഓരോന്നായി സധൈര്യം നേരിടുമ്പോഴും പുതിയ  കഥയുടെ നാമ്പ് അഖിലിന്റെ മനസിൽ മുളപൊട്ടിയിരുന്നു. ‘ഒരു സെമിത്തേരി കഥ’, പേര് സൂചിപ്പിക്കും പോലെ ഹൊററും ത്രില്ലറും ചേർന്ന കഥയുടെ പണിപ്പുരയിലാണ് അഖിലിപ്പോൾ. 25ാം വയസ്സിൽ തന്റെ പുസ്തകവുമായി സിനിമാ കഥ പോലെ സഞ്ചരിക്കുന്ന ആളിന്റെ മനസിൽ ജനിക്കുന്ന കഥ എങ്ങനെ ത്രില്ലടിപ്പിക്കാതിരിക്കും അല്ലേ?

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top