‘ജഗദീഷോ സിദ്ദീഖോ, ആര് പറഞ്ഞതാണ് സംഘടനയുടെ നിലപാടെന്ന് എഎംഎംഎ പറയട്ടെ; ശേഷം ഡബ്ലിയുസിസിയുടെ മറുപടി’: പാർവ്വതി

ജഗദീഷ് പറഞ്ഞതാണോ സിദ്ദീഖ് പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് എഎംഎംഎ തന്നെ വ്യക്തമാക്കട്ടെയെന്ന് ഡബ്ലിയുസിസി അംഗം പാർവ്വതി. ജഗദീഷ് അമ്മയുടെ പ്രതിനിധിയല്ലെന്ന് സിദ്ദീഖ് തന്നെ പറയുന്നു. സംഘടനയിൽ തന്നെ ഒരു വ്യക്തത വന്നതിന് ശേഷം താരസംഘടനയ്ക്കുള്ള മറുപടി കൃത്യസമയത്ത് തന്നെ നൽകുമെന്നും പാർവ്വതി പറഞ്ഞു.

നേരത്തെ നടൻ സിദ്ദീഖും കെപിഎസി ലളിതയും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗദീഷിന്റെ പത്രക്കുറിപ്പിനെ തള്ളി സിദ്ദീഖ് രംഗത്തെത്തിയിരുന്നു. ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ജഗദീഷിൻറെ വാർത്താ കുറിപ്പ് കണ്ടിട്ടില്ല. എന്താണ് അതിൽ പറഞ്ഞതെന്ന് അറിയില്ല. താൻ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയിൽ പറഞ്ഞിരുന്നു.

അതേസമയം, ഡബ്ലിയുസിസി മറുപടി നൽകിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ധിഖിന്റെ വാദത്തെ തള്ളി നടൻ ജഗദീഷ് രംഗത്തെത്തി. അമ്മയുടെ പ്രസിഡന്റ് മോഹൻലാലുമായി ചർച്ച ചെയ്താണ് താൻ വാർത്താക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് പ്രതികരിച്ചു. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കും ഇത് അയച്ചു കൊടുത്തിരുന്നു. താൻ അമ്മ വക്താവ് തന്നെ എന്ന് ജഗദീഷ് വ്യക്തമാക്കി. അച്ചടക്കം ഉള്ള അംഗം എന്ന നിലയിൽ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നൽകുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top