എ.എം.എം.എയില്‍ പൊട്ടിത്തെറി രൂക്ഷം; സിദ്ദിഖിനെതിരെ ജഗദീഷും ബാബുരാജും രംഗത്ത്

താരസംഘടനയായ എ.എം.എം.എയില്‍ പൊട്ടിത്തെറി രൂക്ഷം. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചൊല്ലിയുള്ള സംഘടനയിലെ ചേരിതിരിവ് പരസ്യമാകുന്നു. ദിലീപിനെ പരോക്ഷമായി പിന്തുണച്ച് സിദ്ദിഖ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് സംഘടനയ്ക്കുള്ളിലെ ചേരിതിരിവ് മറനീക്കി പുറത്തുവന്നത്. നടന്മാരായ ജഗദീഷും ബാബുരാജും സിദ്ദിഖിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
സംഘടനയില്‍ ഭീഷണിയുടെ സ്വരം ഇനി വിലപോകില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും സംഘടനയില്‍ ഒരുപോലെയുണ്ടെന്നും ജഗദീഷ് തുറന്നടിച്ചു. ഭീഷണിയുടെ സ്വരം സംഘടനയില്‍ ഇനി നടക്കില്ല. പ്രസിഡന്റിനൊപ്പമാണ് നമ്മള്‍ എല്ലാം. മറ്റൊരു നിലപാടോ പോസ്റ്റോ ഇക്കാര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ ഇല്ല എന്നും ജഗദീഷ് പറഞ്ഞു.
എക്‌സിക്യൂട്ടീവ് ബോഡി കൂടാതെ മറ്റൊരു സൂപ്പര്‍ ബോഡി സംഘടനയ്ക്കില്ലെന്നായിരുന്നു ബാബുരാജിന്റെ പ്രതികരണം. സിദ്ദിഖിന്റേത് എ.എം.എം.എയുടെ നിലപാടല്ല. ദിലീപിനെ പിന്തുണക്കണമെങ്കില്‍ വ്യക്തിപരമായി ചെയ്യണമെന്നും അത് സംഘടനയുടെ പേരില്‍ വേണ്ടെന്നും ബാബുരാജ് തുറന്നടിച്ചു. ഇതോടെ, സംഘടനയ്ക്കുള്ളിലെ ചേരിതിരിവ് പരസ്യമായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here