മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ബിസിനസ് പങ്കാളിക്ക് വാട്‌സ്ആപ്പ് കോള്‍

മലപ്പുറം പാണ്ടിക്കാട് കാറില്‍ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ജിഎല്‍പി സ്‌കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിലെ സാമ്പത്തിക ഇടപാടാണ് കാരണമെന്നാണ് സൂചന. ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ഷമീറിന്റെ ബിസിനസ് പങ്കാളിയ്ക്ക് വാട്‌സ്ആപ്പ് കോള്‍ വന്നു.
ഷമീര്‍ കുടുംബവുമായി ദുബായിലാണ് താമസം. ഇടയ്ക്കാണ് നാട്ടില്‍ വരുന്നത്. ഓഗസ്റ്റ് നാലിന് എത്തിയ ഷമീര്‍ 10 ദിവസത്തിനകം തിരിച്ചു പോകാനിരിക്കെയാണ് തട്ടിക്കൊണ്ടുപോകല്‍. വീടിന്റെ തൊട്ടടുത്ത് ഇന്നോവ കാറില്‍ കാത്തിരുന്ന സംഘം ബൈക്കില്‍ വരികയായിരുന്ന ഷമീറിനെ ബലമായി വാഹനത്തില്‍ കയറ്റി. തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദുബായില്‍ ഫാര്‍മസി ബിസിനസ് നടത്തുന്ന ആളാണ് ഷമീര്‍. ഇന്ന് പത്തുമണിയോടെ യുഎഇയിലുള്ള ഷമീറിന്റെ ബിസിനസ് പങ്കാളിയ്ക്ക് ഷമീറിന്റെ ഫോണില്‍ നിന്ന് മറ്റൊരാള്‍ വാട്‌സ്ആപ്പ് കോള്‍ ചെയ്തു. ഒരുകോടി 60 ലക്ഷം രൂപയ്ക്ക് സമാനമായ ചെക്കുകള്‍ തയ്യാറാക്കി വെക്കണം എന്നായിരുന്നു ആവശ്യം. കൂടാതെ ഭാര്യയെ വിളിച്ച് കേസുമായി മുന്നോട്ടു പോകരുതെന്നും ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് ആണ് കേസിന്റെ അന്വേഷണച്ചുമതല. വാഹനം കണ്ടെത്തുന്നതിന് വേണ്ടി കൂടുതല്‍ സിസിടിവികള്‍ പോലീസ് പരിശോധിച്ചുവരുന്നു.
Story Highlights : Expatriate businessman kidnapped in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here