പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം പാണ്ടിക്കാട് കാറിൽ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി പാണ്ടിക്കാട് ജി എൽ പി സ്കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിലെ സാമ്പത്തിക ഇടപാടാണ് കാരണമെന്നാണ് സൂചന. ഷമീറിനെ ഒരു സംഘം ആക്രമിക്കുന്നതും കാറിൽ കയറ്റുന്നതും ദൃശ്യങ്ങളിൽ. ഷമീർ നിലവിളിക്കുന്നതും കേൾക്കാം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഒരു സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത്.
ഷമീർ കുടുംബവുമായി ദുബായിലാണ് താമസം. ഓഗസ്റ്റ് നാലിന് എത്തിയ ഷമീർ 10 ദിവസത്തിനകം തിരിച്ചു പോകാൻ ഇരിക്കെയാണ് തട്ടിക്കൊണ്ടുപോകൽ. വീടിൻറെ തൊട്ടടുത്ത് ഇന്നോവ കാറിൽ കാത്തിരുന്ന സംഘം ബൈക്കിൽ വരികയായിരുന്ന ഷമീറിനെ ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ദുബായിൽ ഫാർമസി ബിസിനസ് നടത്തുന്ന ആളാണ് ഷമീർ. ഇന്ന് പത്തുമണിയോടെ യുഎഇയിലുള്ള ഷമീറിന്റെ ബിസിനസ് പങ്കാളിയ്ക്ക് ഷമീറിന്റെ ഫോണിൽ നിന്ന് മറ്റൊരാൾ വാട്സ്ആപ്പ് കോൾ ചെയ്തു. ഒരു കോടി 60 ലക്ഷം രൂപയ്ക്ക് സമാനമായ ചെക്കുകൾ തയ്യാറാക്കി വെക്കണം എന്നായിരുന്നു ആവശ്യം. ഭാര്യയെ വിളിച്ച് കേസുമായി മുന്നോട്ടു പോകരുതെന്നും ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ഡിവൈഎസ്പിക്ക് ആണ് കേസിൻ്റെ അന്വേഷണച്ചുമതല. വാഹനം കണ്ടെത്തുന്നതിന് വേണ്ടി കൂടുതൽ സിസിടിവികൾ പോലീസ് പരിശോധിച്ചുവരുന്നു.
Story Highlights : More footage emerges of expatriate businessman being kidnapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here