Advertisement

ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയ സമരം; ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ആര്‍.എസ്.എസും കോണ്‍ഗ്രസും ശ്രമിക്കുന്നു: ദേവസ്വം മന്ത്രി

October 17, 2018
0 minutes Read

സുപ്രീം കോടതി വിധിയുടെ പേരും പറഞ്ഞ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രീയ സമരം നടത്തിയാല്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി തന്നെ നേരിടും. ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ആര്‍.എസ്.എസും കോണ്‍ഗ്രസും ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടി പോലീസ് സ്വീകരിക്കും. ശബരിമല വിഷയം മുന്‍നിര്‍ത്തി കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കും. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ബരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി വിശ്വാസി സമൂഹത്തിനിടയില്‍ ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചുവെന്നത് വസ്തുതയാണ്. പക്ഷേ, സര്‍ക്കാറിന് വിധി അനുസരിക്കുകയേ മാര്‍ഗമുള്ളൂവെന്നും മന്ത്രി പറഞ്ഞു. 2006 ലാണ് ശബരിമല കേസ് തുടങ്ങുന്നത്. പരാതിക്കാര്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാറിനെയും കേസില്‍ എതിര്‍ കക്ഷിയാക്കിയിരുന്നു. അതിനാല്‍, സര്‍ക്കാറും ദേവസ്വം ബോര്‍ഡും അവരവരുടെ ഭാഗങ്ങള്‍ വിശദീകരിച്ചതാണ്. ഇതിന് പുറമേ ഇരുപതോളം കക്ഷികള്‍ കേസില്‍ ചേരുകയും അവരുടെ ഭാഗം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. ആ ഘട്ടത്തിലൊന്നും കോണ്‍ഗ്രസോ ബിജെപിയോ കേസില്‍ കക്ഷി ചേര്‍ന്നില്ല. പിന്നീട് കോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞപ്പോള്‍ വിഷയത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഇവര്‍ സമരമെന്ന പേരില്‍ മുന്നിട്ടിറങ്ങിയിരിക്കുകയാമെന്നും ദേവസ്വം മന്ത്രി വിമര്‍ശിച്ചു.

അതേസമയം, നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും സംഘര്‍ഷാവസ്ഥയുള്ളിടത്ത് സര്‍ക്കാര്‍ ഇടപെടുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top