Advertisement

ദിലീപിനെ പുറത്തിരുത്തി മുഖം മിനുക്കിയാൽ തീരുമോ പ്രശ്നങ്ങൾ?

October 19, 2018
Google News 0 minutes Read
amma

ദീപക് മലയമ്മ

തൊഴിലിടത്തിൽ പെൺ പോരാട്ടത്തിന്റെ പുതിയ മാതൃക തീര്‍ത്താണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന വനിതാ സംഘടന മലയാള സിനിമ വ്യവസായത്തിൽ പോരാടുന്നത്. ആ പോരാട്ടത്തിന് പക്ഷെ വേണ്ടത്ര വില മലയാള സിനിമ നടീ നടൻ നടന്മാരുടെ സംഘടനയായ എഎംഎംഎ നൽകിയിട്ടില്ല എന്നു മാത്രം!

2017 ഫെബ്രുവരി 17 ന് കൊച്ചിയിൽ വെച്ച് തങ്ങളുടെ സഹപ്രവർത്തക ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപ് അറസ്റ്റിലായതോടെയാണ് വനിതാ സംഘടന സജീവമാകുന്നത്. പിന്നീടിങ്ങോട് തൊഴിലിടത്തിലെ സമത്വം എന്ന ആവശ്യം മുൻനിര്‍ത്തി തങ്ങളുടെ സഹപ്രവർത്തകക്ക് നീതി തേടിയുമുള്ള പോരാട്ടം തുടരുകയാണ് ഡബ്ല്യൂസിസി.


നാളുകളായി മാതൃ സംഘടനായ അമ്മയിൽ നിന്നും മാറി നിന്ന് പോരാടുന്ന ഒരുപറ്റം നടിമാർ നാളുകൾക്ക് മുന്നേ നടൻ ദിലീപിനെതിരായി ധീരമായി ശബ്ദിച്ചു. മലയാള സിനിമ വ്യവസായത്തിൽ ഇത്രമേൽ പ്രബലനായ ഒരു വ്യക്തിക്കെതിരെ അങ്ങനെ പെൺ ശബ്ദമുയർന്നു. കേസിൽ അകപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും വരെ ചെയ്ത നടനെതിരെ പക്ഷെ ചെറുവിരലനക്കാൻ  എഎംഎംഎ തയ്യാറായില്ല. ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പൂർണ്ണ പ്രഖ്യാപിക്കാനും എഎംഎംഎ എന്ന ആണധികാര സംഘടനക്ക് ആയില്ല. നിലവിലെ സാഹചര്യത്തിൽ ഉറച്ച നിലപാടുകളിൽ പോകുന്ന ഡബ്ല്യൂ സി സി മുന്നോട്ട് വെച്ച ചോദ്യങ്ങളിന്മേൽ മറുപടി പറയാതെ പോകാൻ ആകാത്ത സ്ഥിതിയിൽ എഎംഎംഎ എത്തിയതോടെയാണ് പുതിയ തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒരു ഘട്ടത്തിൽ കുറ്റാരോപിതനായ ദിലീപിനെ സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത  എഎംഎംഎ പിന്നീട് ആ തീരുമാനം മാറ്റി.

ഇരയായ നടിക്കൊപ്പം നിൽക്കാതെ കുറ്റാരോപിതാന് കുടപിടിക്കുന്ന എഎംഎംഎക്ക് സമൂഹത്തിൽ നിന്നും പഴികേൾക്കേണ്ടി വന്നതോടെയാണ് മാധ്യമങ്ങളോട് പോലും പ്രതികരിക്കാം എന്ന നിലപാട് സംഘടനക്ക് സ്വീകരിക്കേണ്ടി വന്നത്. പക്ഷെ അവിടേയും പ്രിയം ഇരയേക്കാൾ വേട്ടകാരനോടായിരുന്നു എന്ന് മാത്രം.

ഒടുവിൽ കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബിൽ ഡബ്ല്യൂ സി സി അംഗങ്ങൾ ഒന്നിച്ചെത്തി എഎംഎംഎയിലെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്തിയതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായത്. ഒടുവിൽ ആ  കലാപം എഎംഎംഎയിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയർന്നു വരുന്നതിന് കാരണമായി.

ഒരു പിളര്‍പ്പിന്റെ വക്കില്‍ നിന്നഎഎംഎംഎ എന്ന സംഘടനയെ കൈപിടിച്ചുയർത്താനാണ് മോഹന്‍ലാലും സംഘവും ഇന്ന് കൊച്ചിയില്‍ അടിയന്തര അവൈലബിൾ എക്സിക്യൂട്ടീവ് ചേർന്നത്. ഡബ്ല്യൂസിസി മുന്നോട്ടു വെച്ച ചില ചോദ്യങ്ങളില്‍ ഇതുവരെ നിലപാട്പറയാനാകാതെ പോയ എഎംഎംഎക്ക് ഒരു കണക്കിന് നിലപാട് പറയൽ കൂടിയായിരുന്നു അവൈലബിള്‍ എക്സിക്യൂട്ടീവിനെ തുടർന്നുള്ള വാർത്താ സമ്മേളനം.

പ്രധാനമായും ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന് വിളിച്ചു പറയുക വഴി ഡബ്ല്യൂസിസി മുന്നോട്ട് വെച്ചിരുന്ന വലിയ ഒരു ചോദ്യത്തിന് എഎംഎംഎ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിരിക്കുന്നത്. നടിയെ അക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള ഡബ്ല്യൂസിസിയുടെ ചോദ്യങ്ങളിലെന്നിന് ഉത്തരം നല്‍കുമ്പോഴും എഎംഎംഎ മറുപടി പറയാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കി നില്ക്കുകയാണ്.


ആക്രമിക്കപ്പട്ട നടിക്ക് നിയമസഹായം നല്കുന്നതിലടക്കം സംഘടന കാണിച്ച വൈമുഖ്യവും കുറ്റാരോതപിതനായ വ്യക്തിയെ സംരക്ഷിക്കുന്നതില്‍ കാണിച്ച അസാമാന്യ വ്യഗ്രതയുമെല്ലാം എഎംഎംഎ എന്ന സംഘടനയുടെ മുഖം വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം നടന്‍ സിദ്ദീഖ് നടത്തിയ വാർത്താ സമ്മേളനവും ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പും വ്യത്യസ്ഥാഭിപ്രായങ്ങള്‍ പങ്കുവെച്ചത് തന്നെ ഇതിന്റെ ഉദാഹരണം.

ആണധികാരം എല്ലാം കൈയ്യടക്കിയിരുന്ന ഒരു വ്യവസായ മേഖലയിലെ പെണ്ണുങ്ങള്‍ ശബ്ദിച്ചു തുടങ്ങി എന്നത് ചോദ്യം ചെയ്യപ്പെടാതെ വാണിരുന്ന താര രാജാക്കന്മാരെ വല്ലാതെ അലോസരപ്പെടുത്തിയിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍.

മാധ്യമങ്ങളെ കാണുമ്പോഴുള്ള സംഘടന ഭാരവാഹികളുടെ ഭാഷ വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്. ഇന്ന്നടന്ന വാർത്താ സമ്മേളനത്തില്‍ പൂർണ്ണാമായും നടന്‍ സിദ്ധിഖിനെ തള്ളിയ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ പക്ഷെ ഇപ്പോഴും നടിമാര്‍ മുന്നോട്ട് വെച്ച പ്രശ്നങ്ങളിന്മേല്‍ പരിഹാരം കണ്ടെത്താന്‍ ഒരു ഉപാധിയും മുന്നോട്ട് വെക്കുന്നില്ല. ഡബ്ല്യൂ സിസി എന്ന സംഘടനയേയോ അതിലെ അംഗങ്ങളേയോ അഗീകരിക്കാന്‍ അമ്മ ഒരുക്കമല്ലെന്ന് ചുരുക്കം.

കഴിഞ്ഞ ദിവസമാണ് തന്റെ അവസരങ്ങൾ പോലും നഷ്ടപ്പെടുന്നുവെന്ന് കാണിച്ച് അമ്മയിലെ കൂടി അംഗമായ പാര്‍വ്വതി രംഗത്തത്തിയത്.
അത്രമേൽ വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുറച്ചാണ് ഒരുപറ്റം സ്ത്രീകൾ പോരാടുന്നത്. വലിയ മാഫിയ പ്രവര്‍ത്തിക്കുന്ന മലയാള സിനിമ വ്യവസായത്തില്‍ ദിലീപിനോളം വളര്‍ന്ന ഒരു നടനെ അമ്മയിൽ നിന്ന് പുറത്താക്കാനെടുത്ത കാലതാമസത്തിന്റെ കാര്യവും ഈ അവസര നിഷേധത്തിന്റെ കാര്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതേ കാരണം മുൻനിർത്തിയാണ് വിനീത വിധേയയായി കെപിഎസി ലളിത ആ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തില്‍ ഡബ്ല്യൂ സിസി അംഗങ്ങളോട് മാപ്പ് പറഞ്ഞ് സംഘടനയിലേക്ക് തിരിച്ചു വരുവാന്‍ ആവശ്യപ്പെട്ടതും. അതും ഒരു സ്ത്രീയായിരുന്നിട്ട് കൂടി.

മലയാള സിനിമ അതിന്റെ എല്ലാ അര്‍ഥത്തിലും വികാസം പ്രാപിക്കുമ്പോഴാണ് ലിംഗസമത്വത്തിന് വേണ്ടിയും സഹപ്രവര്‍ത്തകകയ്ക്ക് വേണ്ടിയും ഒരു പറ്റം സ്ത്രീകള്‍ക്ക് ഇപ്പോഴും പോരാടേണ്ടി വരുന്നത്. അതിലുപരി ഫെമിനിച്ചികൾ എന്ന പരിഹാസശരങ്ങൾ എറ്റുവാങ്ങേണ്ടി വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here